ചിക്കമംഗളൂരു: ഇരുപതുകാരിയായ ആദിവാസി പെൺകുട്ടിയെ പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ കൊണ്ടുപോയി വില്പന നടത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ സെനഗലിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ചിക്കമംഗളൂരു മല്ലനഹള്ളിയിലെ ഹക്കി-പിക്കി എന്നറിയപ്പെടുന്ന സാമാന്യം ഉന്നതനിലയിലുള്ള ആദിവാസി പാരമ്പര്യവൈദ്യ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെയാണ് സെനഗൽ സ്വദേശിക്ക് വിറ്റത്.
പെൺകുട്ടിയുടെ അച്ഛൻ രാജശേഖരനും അമ്മ ക്രാന്തിയും മരുന്നുകളുടെ സംഭരണവും വില്പനയുമായി ബന്ധപ്പെട്ട് കുടുംബസമേതം ഇടയ്ക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. കഴിഞ്ഞമാസം ഇത്തരത്തിൽ ഒരു യാത്ര കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മകൾ കൂടെയുണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ നാട്ടിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും തന്നെ അമ്മ ഒരു സെനഗൽ സ്വദേശിക്ക് കൈമാറിയതായും അയാളുടെ വീട്ടിൽ താൻ കടുത്ത പീഡനങ്ങൾക്കിരയാകുകയാണെന്നും അറിയിക്കുകയായിരുന്നു.
ഏതാനും വീഡിയോകളും അയച്ചുനൽകി. ഇതിനു പിന്നാലെ സ്ഥലത്തെ ആദിവാസി സംഘടനകൾ നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കൾ സെനഗൽ സ്വദേശിയിൽനിന്ന് പണം വാങ്ങി പെൺകുട്ടിയെ വില്പന നടത്തിയതാണെന്നു വിവരം ലഭിച്ചത്.തുടർന്ന് ചിക്കമംഗളൂരു ഹക്കി-പിക്കി ആദിവാസി ഫോറം പ്രസിഡന്റ് ആർ. പുനീത് കുമാറിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ രക്ഷിക്കുന്നതിനായി അടിയന്തരമായി സെനഗലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.
ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് സെനഗലിലെ പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഉടമയിൽ നിന്ന് രക്ഷപ്പെടുത്തി. ഇപ്പോൾ സെനഗലിലെ പ്രാദേശിക ഭരണസംവിധാനത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയെ രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്ന് ചിക്കമംഗളൂരു ജില്ലാ പോലീസ് മേധാവി ജിതേന്ദ്രകുമാർ ദയാമ അറിയിച്ചു.
കുട്ടിയുടെ അമ്മ ക്രാന്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ അച്ഛന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി നാട്ടിലെത്തിയാലുടൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുമെന്നും മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
