നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ച് യുവാവെത്തി! കണ്ടന്റ് ക്രിയേറ്ററായ സാർഥക് ഗോസ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ അപൂർവ്വമായ പ്രതിഷേധം പുറത്തറിഞ്ഞത്.
കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസ്ദ്’ മാർച്ചിന്റെ ഭാഗമാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവാവ് പറയുന്നു. തന്റെ വാദം തെളിയിക്കുന്നതിനായി ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.
പരീക്ഷയെഴുതിയ വിദ്യാർഥിയാണോ എന്ന ചോദ്യത്തിന്, തനിക്ക് നീറ്റ് പരീക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയാണെന്നും യുവാവ് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ലെന്നും ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
“ഒരു ലക്ഷം രൂപയുടെ ടിക്കറ്റെടുത്താണ് ഞാൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇങ്ങോട്ടേക്ക് വന്നത്. നിലവിലെ സർക്കാർ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നത്. സമരക്കാരുടെ വാക്ക് കേൾക്കാൻ പോലും അവർ തയ്യാറാകുന്നില്ല. 18 ദിവസമായി ഒരാൾ നിരാഹാര സമരം കിടന്നിട്ടും സംസാരിക്കാൻ പോലും അധികാരികൾ കൂട്ടാക്കുന്നില്ലെന്ന് യുവാവ് വീഡിയോയിൽ പറഞ്ഞു.
ഹാസ്യരൂപേണ രൂപീകരിച്ച കൂട്ടായ്മയായ സിജെപിയുടെ നേതൃത്വത്തിലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ശക്തമാകുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തോടെയാണ് പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയത്.
