ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ. മത്സരത്തിൽ അർജന്റീന 1–0ന് പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ഈ ഓൺലൈൻ ക്യാമ്പെയ്നിൽ ഇതിനകം ഒരു ലക്ഷത്തോളം ആളുകൾ ഒപ്പുവച്ചു കഴിഞ്ഞു. ഗിസെല സാഞ്ചസ് എന്ന ആരാധികയാണ് ‘ചെയ്ഞ്ച്’ എന്ന വെബ്സൈറ്റിലൂടെ ഈ ക്യാമ്പെയ്ന് തുടക്കമിട്ടത്.
മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറിയുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് തിരിച്ചടിയായെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആരാധകരുടെ ആരോപണം. റഫറിയുടെ എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്രമക്കേട് നടന്നു എന്നതിന് ഇവർ തെളിവുകളൊന്നും നൽകിയിട്ടില്ല. സമാനമായ രീതിയിൽ സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ ഫ്രഞ്ച് ആരാധകരും മുമ്പ് ഓൺലൈൻ ക്യാമ്പെയ്ൻ നടത്തിയിരുന്നു.
അതേസമയം, ആരാധകരുടെ പ്രതിഷേധത്തിന്റെ പേരിൽ പൂർത്തിയായ മത്സരം വീണ്ടും നടത്തുന്ന പതിവ് ഫിഫയ്ക്കില്ല. ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലൂടെയാണ് സ്പെയിൻ വിജയികളായത്. മത്സരത്തിലുടനീളം പന്തിന്മേൽ ആധിപത്യം പുലർത്തിയ സ്പെയിൻ 20 ഗോൾ ശ്രമങ്ങളും 11 ഓൺടാർഗറ്റ് ഷോട്ടുകളും 803 പാസുകളും പൂർത്തിയാക്കിയിരുന്നു
മറുവശത്ത് തികച്ചും മങ്ങിയ പ്രകടനം കാഴ്ചവെച്ച അർജന്റീനയ്ക്ക് ഓൺടാർഗറ്റ് ഷോട്ടുകളൊന്നും ഉതിർക്കാനായില്ല. സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്താവുകയും ചെയ്തു. തോൽവിക്ക് പിന്നാലെ അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ വെച്ച് സ്പാനിഷ് കളിക്കാരെ മർദിച്ചതും വിവാദമായിരുന്നു.
