മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചപ്പോള്‍, യുക്രെയ്ൻ അധികാരികൾ പ്രതികരിച്ചിട്ടില്ല.
അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യന്‍ അനുകൂല അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അപലപിച്ചു. കീവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ ‘ക്രൂരമായ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച അവര്‍, വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാണിച്ചു.
