ക്ലാസ് മുറിയിൽ സ്ഥിരമായി കണ്ടുവരാറുള്ള റോൾ കോൾ രീതിക്ക് പകരം തികച്ചും വ്യത്യസ്തവും സർഗാത്മകവുമായ ഒരു വഴി കണ്ടെത്തി സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഒരു ഡൽഹി പ്രൈമറി സ്കൂൾ അധ്യാപിക.
സുമി സിയാഗ് എന്ന അധ്യാപിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ ഹാജർ പട്ടിക പ്രത്യക്ഷപ്പെട്ടത്. ക്ലാസ്സിൽ എത്തുന്ന കുരുന്നുകൾക്ക് ചെറുപ്പത്തിലേ തന്നെ സ്വയം ഉത്തരവാദിത്തം പകർന്നുനൽകാൻ ഈ ലളിതമായ ആശയം സഹായിക്കുന്നു.
വലിയ തുക മുടക്കാതെയുള്ള ഈ ലളിതമായ ആശയത്തിൽ, ചുവരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കളർ ബോർഡാണ് പ്രധാനം. ഓരോ വിദ്യാർത്ഥിയുടെയും ഫോട്ടോ പതിപ്പിച്ച തീപ്പെട്ടി കൂടുകൾ ഈ ബോർഡിൽ നിരത്തിവെച്ചിരിക്കുന്നു.
തീപ്പെട്ടിക്കുള്ളിൽ ‘A’ ഹാജരില്ല, ‘P’ ഹാജരുണ്ട് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് എത്തുന്ന ഓരോ കുട്ടിയും തന്റെ ഫോട്ടോയുള്ള തീപ്പെട്ടി കണ്ടെത്തി അത് തുറന്ന് ‘P’ എന്ന് കാണത്തക്കവിധം വെച്ചതിന് ശേഷം സീറ്റിൽ പോയി ഇരിക്കുന്നു.
വലിയ ഡിജിറ്റൽ സ്ക്രീനുകളോ ചെലവേറിയ ഗാഡ്ജറ്റുകളോ ഇല്ലാതെ തന്നെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാം എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ഇതിനോടകം തന്നെ 2.7 കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്.
കൂടാതെ നിരവധി ഉപയോക്താക്കൾ അധ്യാപികയുടെ ഈ സർഗാത്മക ആശയത്തെ പ്രശംസിച്ച് രംഗത്തെത്തി. കുട്ടികളിൽ സ്വയം അവബോധവും പഠനത്തോട് താത്പര്യവും വളർത്താൻ ഇത് സഹായിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
