യൂറോപ്പിലെ ഉയർന്ന ജീവിതനിലവാരം അവിടുത്തെ ഉയർന്ന ശമ്പളമോ വികസിതമായ സാങ്കേതികവിദ്യയോ ആരോഗ്യ സംവിധാനങ്ങളോ മാത്രമല്ല, മറിച്ച് അവിടുത്തെ നഗരാസൂത്രണവും പൊതുഇടങ്ങളുമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജർമനിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവ്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സത്യാം സിംഗ് എന്ന യുവാവ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
യൂറോപ്പിലെ നഗരങ്ങൾ കാറുകൾക്ക് മാത്രമായല്ല, മനുഷ്യർക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോഡുകളേക്കാൾ വീതിയുള്ള നടപ്പാതകളും സൈക്ലിസ്റ്റുകൾക്കായി പ്രത്യേക ലെയ്നുകളും ഇവിടെ കാണാം.
സീബ്രാലൈനിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ എത്ര വലിയ വാഹനമായാലും ഡ്രൈവർമാർ നിർബന്ധമായും നിർത്തണം. സൈക്ലിസ്റ്റുകൾക്ക് സുരക്ഷിതമായ അകലം പാലിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ഇന്ത്യയിൽ പലപ്പോഴും വിലകൂടിയ വലിയ വാഹനങ്ങൾ ഓടിക്കുന്നവർ കാൽനടയാത്രക്കാരെയും സൈക്ലിസ്റ്റുകളെയും പരിഗണിക്കാതെ അശ്രദ്ധമായി വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
വൃത്തിയായി പരിപാലിക്കുന്ന പാർക്കുകളും ശാന്തമായ അന്തരീക്ഷവും ആളുകളുടെ മാനസികാരോഗ്യത്തിന് ഉന്മേഷം നൽകുന്നു. നഗരങ്ങൾ പണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പൗരന്മാരുടെ സുരക്ഷയ്ക്കും മികച്ച ജീവിതത്തിനും പ്രാധാന്യം നൽകുമ്പോഴാണ് യഥാർഥ പുരോഗതി ഉണ്ടാകുന്നത്.
വലിയ കെട്ടിടങ്ങളും വൻകിട പദ്ധതികളും മാത്രമല്ല, മറിച്ച് മികച്ച നടപ്പാതകളും പൊതുഇടങ്ങളും കാൽനടയാത്രക്കാരുടെ സുരക്ഷയുമാണ് ഒരു നഗരം അതിന്റെ പൗരന്മാരെ എത്രത്തോളം വിലമതിക്കുന്നു എന്ന് കാണിക്കുന്നതെന്ന് സത്യാം സിംഗിന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.
