ഇന്ത്യൻ റെയിൽവേയുടെ സ്ലീപ്പർ ക്ലാസ് കോച്ചിലെ ആദ്യ യാത്രയെ വെല്ലുവിളികൾ നിറഞ്ഞതെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്ന് വിശേഷിപ്പിച്ച് ഡെൻമാർക്ക് സ്വദേശിയായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എമ്മ ഹോം. തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് എമ്മ യാത്രയിലെ വേറിട്ട അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് യാഥാർഥ്യങ്ങൾ വരെ നീളുന്ന ഒരു വലിയ സാഹസികത തന്നെയായിരുന്നു ഈ ട്രെയിൻ യാത്രയെന്ന് അവർ വ്യക്തമാക്കുന്നു. താനും രണ്ട് സഹയാത്രികരും ചേർന്നാണ് യാത്ര ബുക്ക് ചെയ്തതെങ്കിലും പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഒരാൾക്ക് മാത്രമാണ് കൺഫേംഡ് ടിക്കറ്റ് ലഭിച്ചതെന്ന് എമ്മ വിശദീകരിക്കുന്നു.
കൺഫേംഡ് ടിക്കറ്റ് ലഭിക്കാതിരുന്നിട്ടും ട്രെയിനിൽ കയറി യാത്ര തുടരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ദീർഘദൂര രാത്രി യാത്രയ്ക്കായി കൂടുതൽ ഇടം ലഭിക്കുന്നത് വരെ തുടക്കത്തിൽ മണിക്കൂറുകളോളം ഒരൊറ്റ ഇടുങ്ങിയ സീറ്റ് പങ്കിട്ടാണ് മൂന്നുപേരും യാത്ര ചെയ്തത്.
യാത്ര പുരോഗമിക്കവേ ഭാഗ്യവശാൽ ഇവർക്ക് ഉറങ്ങാൻ പാകത്തിൽ രണ്ട് ബെർത്തുകൾ കൂടി ലഭ്യമാവുകയും എല്ലാവർക്കും കുറച്ചുകൂടി സുഖകരമായി വിശ്രമിക്കാൻ സാധിക്കുകയും ചെയ്തു. ആളുകളുടെ ബഹളവും, വ്യത്യസ്ത സംസ്കാരങ്ങളും, നിരന്തരം കടന്നുപോകുന്ന ഭക്ഷണ-ചായ വിൽപനക്കാരും ചേർന്ന തികച്ചും സജീവമായ അന്തരീക്ഷമായിരുന്നു ട്രെയിനിൽ അനുഭവിച്ചറിഞ്ഞതെന്ന് എമ്മ കുറിച്ചു.
