കണ്ണൂർ: ടൗൺ സ്ക്വയർ തിരിച്ചു പിടിക്കാൻ കണ്ണൂരിലെ പാറ്റയായി സമരം ചെയ്ത് വിജയം നേടി പൊതുപ്രവർത്തകനായ ആർട്ടിസ്റ്റ് ശശികല. ടൗൺ സ്ക്വയറിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമാണം ആരംഭിച്ചതോടെ ടൗൺ സ്ക്വയർ അതു പോലെ നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർട്ടിസ്റ്റ് ശശികല രംഗത്തെത്തിയത്.
കണ്ണൂർ ടൗൺ സ്ക്വയറിൽ നിർമാണത്തിനായി എടുത്ത കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം നടക്കാനിരുന്ന പ്രതിഷേധ സംഗമത്തിന് മണിക്കൂറുകൾക്കു മുന്പായി ജില്ലാ ഭരണകൂടം കുഴികൾ നികത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആർട്ടിസ്റ്റ് ശശികലയുടെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തുന്നതിനായി പ്രവർത്തകർ എത്തിയപ്പോൾ ജെസിബി ഉപയോഗിച്ച് കുഴികൾ മൂടുന്നതാണ് കണ്ടത്. ഇതേ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ ടൗൺസ്ക്വയറിലെ പ്രവേശന കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന നിധി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമിക്കാനുള്ള നീക്കമായിരുന്നു വിവാദമായത്.
കടന്നപ്പള്ളിയുടെ മന്ത്രി സ്ഥാനത്തിന്റെ കാലാവധി കഴിയുന്നതിന് മുന്പ് പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവൃത്തിയാണിതെന്നും ആരോപണം ഉയർന്നിരുന്നു. അതിനിടെ കോർപറേഷൻ പരിധിയിൽ അനുമതി ഇല്ലാതെ ആരംഭിച്ച പ്രവൃത്തിക്കെതിരെ കണ്ണൂർ കോർപറേഷനും രംഗത്തെത്തി.
2026 ഫെബ്രുവരി 21നായിരുന്ന കോർപറേഷൻ സ്റ്റോപ്പ് മെമ്മോ നൽകി പ്രവൃത്തി നിർത്തിവെപ്പിച്ചത്. പില്ലറുകൾ സ്ഥാപിക്കാൻ പാർക്കിംഗ് മേഖലയിലെ ഇന്റർ ലോക്ക് കട്ടകൾ മാറ്റി കുഴിയെടുത്ത നിലയിലായിരുന്നു പണി നിർത്തി വച്ചത്. ഇതോടെ കൂടി ടൗൺ സ്ക്വയർ പ്രവേശന കവാടം കടക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന ഭീഷണിയും ഉയർന്നു.
കണ്ണൂർ ടൗൺ സ്ക്വയർ സംരക്ഷിക്കണമെന്നും അനധികൃത നിർമാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ശശികല വിജിലൻസിലടക്കം പരാതിയും നൽകിയിരുന്നു. കണ്ണൂർ ടൗൺ സ്ക്വയറിലെ അനധികൃത നിർമാണത്തിനെതിരെ 2026 ഫെബ്രുവരി ഏഴിനാരംഭിച്ച പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്ന് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. അതേ സമയം അനധികൃതമായി നിർമാണ പ്രവൃത്തി നടത്താൻ ഇടയായ സാഹചര്യത്തിൽ ഇതിനു ചെലവായ തുക നിർമാണ നടപടികളുമായി മുന്നിട്ടിറങ്ങിയവരിൽ നിന്ന് ഈടാക്കണമെന്നും ആർട്ടിസ്റ്റ് ശശികല ആവശ്യപ്പെട്ടു.
