ഐഐഎം ബംഗളൂരുരിലെ കഠിനമായ എംബിഎ പഠനകാലത്ത് അസൈൻമെന്റുകളും മറ്റ് ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് രക്ഷിത് രവീന്ദ്രനാഥൻ എന്ന വിദ്യാർഥി. തീയതികളും പ്രധാന വിവരങ്ങളും ഓർത്തു വെക്കുന്നതിന് പകരം, അത്തരം ദൈനംദിന കാര്യങ്ങൾ എഐ ടൂളുകൾക്ക് വിട്ടുകൊടുക്കുന്ന രീതിയാണ് രക്ഷിത് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ച ഈ അനുഭവം ഇപ്പോൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ വൻ പ്രചാരം നേടുകയാണ്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഓൺലൈൻ പോർട്ടലുകളിലുമായി ചിതറിക്കിടക്കുന്ന അസൈൻമെന്റ് തീയതികൾ ഓർമയിൽ സൂക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു അസൈൻമെന്റ് സമർപ്പിക്കാൻ വൈകിയ അനുഭവമാണ് രക്ഷിതിനെ മാറ്റിചിന്തിപ്പിച്ചത്. തുടർന്നാണ് ആന്ത്രോപിക് ക്ലോഡ്, ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകൾ കലണ്ടറുമായി ബന്ധിപ്പിച്ച് ടാസ്കുകൾ ക്രമീകരിക്കാൻ തുടങ്ങിയത്. വിവരങ്ങൾ ഓർത്തെടുക്കാനുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ പഠനത്തിലും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുണ്ടെന്ന് രക്ഷിത് വ്യക്തമാക്കുന്നു.
സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ സൗജന്യമായി ലഭ്യമായ എഐ ടൂളുകൾ ഉപയോഗിക്കാതിരിക്കുന്നത് ഭാവിയിൽ വ്യക്തിഗത ഉൽപ്പാദനക്ഷമതയെ ബാധിക്കുമെന്ന് രക്ഷിത് ഓർമ്മിപ്പിക്കുന്നു. “രണ്ടു വർഷം മുമ്പ് അലസത എന്നത് ഒരു വ്യക്തിഗത സ്വഭാവമായി തള്ളിക്കളയാമായിരുന്നു, എന്നാൽ ഇന്ന് ആധുനിക ടൂളുകൾ ലഭ്യമായിട്ടും അവ ഉപയോഗിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അവരുടെ ജോലിയിൽ വ്യക്തമായി കാണാം,” എന്ന് രക്ഷിത് കൂട്ടിച്ചേർക്കുന്നു.
