വാഷിംഗ്ടൺ ഡി.സി: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ തന്റെ ആദ്യ സ്പേസ്വോക്ക് വിജയകരമായി പൂർത്തിയാക്കി. പരിചയസമ്പന്നയായ ബഹിരാകാശ സഞ്ചാരി ജെസീക്ക മേയറിനൊപ്പമാണ് അദ്ദേഹം ദൗത്യം നിർവഹിച്ചത്.
ജെസീക്ക മേയറിന്റെ ആറാമത്തെ സ്പേസ്വോക്കായിരുന്നു ഇത്. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകിട്ട് 6.03-ന് ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങിയ ഇരുവരും പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായി പുറത്തെ വൈദ്യുത സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ആറ് മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി.
ബഹിരാകാശ നിലയത്തിലെ ഊർജോൽപ്പാദനശേഷി ഗണ്യമായി വർധിപ്പിക്കുന്നതാണ് പുതിയ സൗരോർജ പാനലുകൾ. ഭാവിയിലെ ശാസ്ത്രീയ ഗവേഷണങ്ങൾക്കും ദീർഘകാല പ്രവർത്തനങ്ങൾക്കും ആവശ്യമായ അധിക വൈദ്യുതി ലഭ്യമാക്കാൻ ഇവ സഹായിക്കും.
ദൗത്യകാലാവധി അവസാനിക്കുമ്പോൾ രാജ്യാന്തര ബഹിരാകാശ നിലയത്തെ സുരക്ഷിതമായും നിയന്ത്രിതമായും ഭ്രമണപഥത്തിൽ നിന്ന് ഇറക്കുന്നതിനുള്ള നടപടികളിലും പുതിയ ഊർജ സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
