കണ്ണൂർ: സ്വർണ കടത്ത് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി (30) കഴിഞ്ഞ ആറു മുതൽ കണ്ണൂരിലുണ്ടായിട്ടും ഇയാളുടെ ലൊക്കേഷൻ പോലീസിന് വ്യക്തമായി തിരിച്ചറിയാൻ കഴിയാതിരു ന്നത് സിം ഇല്ലാതെ പ്രവർത്തിക്കുന്ന ഇയാളുടെ യുഎസ് നിർമിത ഫോൺ കാരണം. മുഖത്ത് മാസ് ഇടുന്നതുപോലെ പിന്തുടരുന്നവർക്ക് കടന്നു ചെന്നത്താൻ കഴിയാത്ത വിധത്തിലാണ് ഈ ഫോണിന്റെ ക്രമീകരണം. അതുകൊണ്ടാണ് പോലീസ് തൊട്ടടുത്തുനിന്ന് നിരീക്ഷിക്കുന്പോൾ പോലൂം ഇയാൾക്ക് സോഷ്യൽ മീഡിയയിലൂടെ പോലീസിന്റെ കണ്ണുവെട്ടിച്ചും സന്ദേശം അയയ്ക്കാൻ കഴിയുന്നത്.
തലശേരി, തളിപ്പറന്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ആറുമതൽ ഇയാൾ സുഹൃത്തായ ജിജേഷിന്റേയും മറ്റും വണ്ടിയിൽ കറങ്ങിയിട്ടും യഥാസമയം പോലീസിന് ഇയാളുടെ സാന്നിധ്യം വ്യക്തമാക്കാനായില്ല. ഒടുവിൽ ഇയാൾ യാത്ര ചെയ്ത ഓട്ടോ ഡ്രൈവർ പോലീസിന് നൽകിയ വിവരമാണ് പിടികൂടുന്നതിൽ നിർണായകമായത്. പോലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്.
പോലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചതാണ് ആയങ്കിയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്. അഭിഭാഷകയുടെ അപ്പാർട്ട്മെന്റിൽ പോലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അർജുൻ ആയങ്കിയെ അറസ്റ്റു ചെയ്യാൻ വാറൻഡില്ലെന്ന് അഭിഭാഷക ദമ്പതികൾ വാദിച്ചുവെങ്കിലും അപ്പാർട്ട്മെന്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ആയങ്കിയെ പോലിസ് ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു. ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രക്ഷപ്പെടാതിരിക്കാൻ കൈ വിലങ്ങുവച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ച് കണ്ണൂർ ടൗൺ പോലിസ് സ്റ്റേഷനിലെത്തിച്ചത്.
കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂര്‍ പോലീസ് ആയങ്കിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ കൂത്തുപറന്പ് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ മജിസ്ട്രേട്ട് അവധിയായതിനാലാണ് കൂത്തുപറന്പിൽ ഹാജരാക്കിയത്.
വിടാത്ത പാർട്ടി അനുഭാവം
സിപിഎം നേതൃത്വം ഇപ്പോൾ തള്ളിപ്പറയുമ്പോഴും, കണ്ണൂരിൽനിന്ന് സിപിഎം വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച്, അക്കാലത്തെ ജില്ലാ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായി വളർന്ന് കേരളം മുഴുവൻ തന്റെ സാന്നിധ്യം ഉറപ്പിച്ച ക്വട്ടേഷൻ നേതാവാണ് പോലീസിനെ വെല്ലുവിളിച്ച് ഒടുവിൽ പത്തിമടക്കിയ അർജുൻ ആയങ്കി. സിപിഎമ്മിന് സൈബർ ഇടങ്ങളിൽ പ്രതിരോധം സൃഷ്ടിച്ച പ്രമുഖരിൽ ഒരാൾ.
അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജുൻ കപ്പക്കടവിലെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സ്വന്തം കരുത്തിലൂടെ സജീവ സാന്നിധ്യമായി. അഴീക്കോട് കപ്പക്കടവ് സ്വദേശിയായ ഈ 30 വയസുകാരൻ അഴീക്കോട് സ്കൂളിലാണ് പഠിച്ചത്. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
സ്വർണം പൊട്ടിക്കലിലേക്ക് ചുവട് മാറ്റം
2021 ൽ ഇരുപത്തിയഞ്ചാം വയസിൽ രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ടതോടെയാണ് അർജുൻ ആയങ്കിയുടെ പേര് കേരളം മുഴുവൻ അറിയുന്നത്. ഈ കേസിൽ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിനോടകം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിമായിരുന്നു. വടക്കെ മലബാറിലെ പ്രമുഖ ക്വട്ടേഷൻ സംഘങ്ങളിൽ പ്രധാനിയാണ് അർജുൻ. നാലു വർഷത്തിനിടെ ഇയാൾ നടത്തിയത് കോടികളുടെ പിടിച്ചുപറിയാണ്. ഗുണ്ടാ ക്വട്ടേഷൻ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2020 ലാണ് സിപിഎം ഇയാളെ പുറത്താക്കുന്നത്.
നേതാക്കൾ പരസ്യമായി അർജുൻ ആയങ്കിയെ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളി പറയുന്പോഴും, സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇപ്പോഴും ഇയാൾ സജീവമാണ്.സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിക്കും അർജുൻ തലവേദന സൃഷ്ടിക്കുക മാത്രമെല്ല, പഴിയും കേൾക്കേണ്ടി വന്നിട്ടുണ്ട്.
പോലീസിന് ഭീഷണി
കോതമംഗലത്തേ പോലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുങ്കല്‍ ഇന്‍സ്പെക്ടറെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും നിലവിൽ അര്ജുന് ആയങ്കിക്കെതിരേ കേസുണ്ട്. ഇതിനു പിന്നാലെയാണ് ആയങ്കിയുടെ ഒളിവിൽ ഇരുന്നുള്ള ഭീഷണി തുടർന്നത്. ഇന്‍സ്പെക്ടറുടെ പരാതിയില്‍ ക്രിമിനല്‍ ഭീഷണി, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.
ഇതിനു പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫേയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പോലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫേയ്സ്ബുക്കിൽ കുറിച്ചു.
നേരത്തേ കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥന് തന്നെ ജയിയിലാക്കുക മാത്രമായിരുന്നു ഉദേശ്യം. കേസൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപൊക്കിയ ആറുപേരെ ഒറ്റരാത്രികൊണ്ട് തകര്‍ത്ത് താറുമാറാക്കിയെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പിടികിട്ടാപുള്ളിയോ തീവ്രവാദിയോ അല്ലാത്ത താന്‍ ഡാന്‍സ് കളിച്ചതാണത്രെ കുറ്റം. പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന എങ്ങനെ പ്രകടിപ്പിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തരമന്ത്രിക്കും ഭീഷണി
ഇൻസ്പെക്ടറെ ഭീഷണിപെടുത്തിയതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പടെ ആയങ്കിയെ പിടിക്കാൻ കർശന നിർദേശം നൽകി.
പിന്നീട് ആഭ്യന്തരമന്ത്രിക്കെതിരേയും കുറിപ്പിട്ടും. ഇതേ തുടർന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ പരാതിയിൽ ടൗൺ പോലീസ് അർജുൻ ആയങ്കിക്കെതിരേ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
- പി. ജയകൃഷ്ണൻ
