ആലക്കോട്: വയോജനങ്ങളുടെ ഒറ്റപ്പെടൽ ഒഴിവാക്കി മാനസികവും സാമൂഹികവുമായ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുകൾ ആരംഭിച്ച പകൽവീടുകൾ പ്രവർത്തന രഹിതമായി. കോവിഡ് കാലത്ത് വയോജനങ്ങൾ വീടുകളിൽ ഒതുങ്ങിയതും പിന്നീട് പഞ്ചായത്തുതലത്തിൽ ആവശ്യമായ പ്രോത്സാഹനം ലഭിക്കാതിരുന്നതുമാണ് പകൽവീടുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണം.
വയോജനങ്ങൾ ഒത്തുചേരുന്നതിനായി പഞ്ചായത്തുകൾ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പകൽവീടുകൾ ഒരുക്കിയത്. പത്രം വായിക്കാനും ടിവി കാണാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു. തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് പങ്കാളിത്തം കുറഞ്ഞു.
കോവിഡ് മഹാമാരിക്കുശേഷം പല പകൽവീടുകളും പൂർണമായും നിർജീവമായി. ചുമതലയുള്ളവർ മാസത്തിൽ ഒന്നോ രണ്ടോ തവണ തുറക്കുന്നതൊഴിച്ചാൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. വിവിധ സംഘടനകൾ വയോജന മേഖലയിൽ സജീവമായതും പകൽവീടുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയായി മാറുന്ന അവസ്ഥയിലാണ് പല പകൽവീടുകളും.
പ്രത്യേക വകുപ്പ് പ്രഖ്യാപനത്തിൽ പ്രതീക്ഷ
വി.ഡി. സതീശൻ സർക്കാർ മുന്നോട്ടുവച്ച ഇന്ദിര ഗാരന്റി പദ്ധതിയിലെ വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് എന്ന പ്രഖ്യാപനം പ്രതീക്ഷയോടെയാണ് മുതിർന്ന പൗരന്മാർ കാണുന്നത്. അതോടെ വയോജനങ്ങൾ കൂടുതൽ സജീവമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷ. ജനസംഖ്യയിൽ വലിയൊരു വിഭാഗമായ വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് സഹായിക്കുമെന്നാണ് വയോജനങ്ങൾ പറയുന്നത്.
