കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകൾ അദ്ദേഹത്തിന്റെ കോൽക്കത്തയിലെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത് നിൽക്കുന്നവരെയും വധിക്കുമെന്ന് കത്തുകളിലുണ്ട്.
സൗരവിനു മുൻപും ഇത്തരം കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അത് കാര്യമാക്കീരുന്നില്ല. സൗരവിനെ അപമാനിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായിരുന്നു അവ. എന്നാൽ തിങ്കളാഴ്ച ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കോൽക്കത്തയിലെ താക്കൂർപുകൂൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബംഗാളിലെ പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരിൽ ഉള്ളയാളാണ് കത്ത് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. കത്ത് അയച്ച കൊറിയർ കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഡോണയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
