ലക്നോ: അയോധ്യ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കുന്നു. ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഴുവൻ സമയ സിഇഒയെ നിയമിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള സംഭാവന ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു എന്ന അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ് ഭരണം കൂടുതൽ സുതാര്യമാക്കാൻ ട്രസ്റ്റ് ഈ നിർണായക തീരുമാനമെടുത്തത്.
ഈ പദവിയിലേക്ക് ലഭിച്ച 5,200 അപേക്ഷകളിൽനിന്ന് യോഗ്യരായ 18 പേരുടെ ചുരുക്കപ്പട്ടിക അധികൃതർ തയാറാക്കി. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളവരും ഈ പട്ടികയിലുണ്ട്.
അഭിമുഖം ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിൽ രാമക്ഷേത്ര സമുച്ചയത്തിൽ നടക്കും. 18 പേരിൽനിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേരുടെ അന്തിമ പട്ടികയിൽ നിന്നായിരിക്കും ട്രസ്റ്റ് സിഇഒയെ അന്തിമമായി നിശ്ചയിക്കുക. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദ്ദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അഭിമുഖം നടത്തുന്നത്.
രാമക്ഷേത്രത്തിന്റെ ഭരണനിർവഹണം ഉൾപ്പെടെയുള്ളവയുടെ പൂർണ മേൽനോട്ട ചുമതലയായിരിക്കും സിഇഒയ്ക്ക് ഉണ്ടായിരിക്കുക. ഈ പദവിയിലേക്ക് എത്തുന്നയാൾക്കായി കടുത്ത നിബന്ധനകളാണ് ട്രസ്റ്റ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഹൈന്ദവ ആചാരങ്ങൾ കർശനമായി പിന്തുടരുന്നതും, പൂർണ സസ്യാഹാരിയും മദ്യപിക്കാത്തയാളും ആയിരിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. കൂടാതെ പ്രായപരിധി 50നും 70നും ഇടയിലായിരിക്കണം.
