“പൂന ഒരു നഗരമെന്ന നിലയിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.” നഗരത്തിലെ ദുസ്സഹമായ ഗതാഗതക്കുരുക്ക്, മോശം റോഡുകൾ, കാര്യക്ഷമമല്ലാത്ത പൊതുഗതാഗതം, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരെ ഒരു പ്രാദേശിക നിവാസി എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ വിമർശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
പൂനയിൽ ജനിച്ചുവളർന്ന നിനാദ് പൈ എന്ന വ്യക്തിയാണ് നഗരത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് ദീർഘമായ കുറിപ്പിട്ടത്. “സ്വന്തമായി വീടുകളുള്ള, ഈ മണ്ണിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ഇത് ടൈപ്പ് ചെയ്യാൻ എനിക്ക് വളരെയധികം വിഷമമുണ്ട്. പക്ഷെ, പൂന നഗരം പരാജയപ്പെട്ടു എന്നത് സത്യമാണ്,” അദ്ദേഹം കുറിച്ചു.
അവസാനിക്കാത്ത ഗതാഗതക്കുരുക്കിനെ “തീരാ നരകം” എന്ന് വിശേഷിപ്പിച്ച നിനാദ്, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ രാഷ്ട്രീയ നേതാക്കളും സർക്കാർ ഏജൻസികളും പൂർണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. പോലീസ് പട്രോളിംഗും നഗരത്തിലെ ട്രാഫിക് പോലീസിന്റെ സോഷ്യൽ മീഡിയ അവകാശവാദങ്ങളും നിലവിലെ യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിലെ നദീതീര വികസന പദ്ധതിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഇത് നഗരത്തിലെ ചൂട് വർദ്ധിപ്പിക്കാൻ മാത്രമേ ഉതകൂ എന്ന് പറഞ്ഞു. “മരങ്ങൾ തോന്നിയതുപോലെ മുറിച്ചിടുന്നു. കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമില്ല. റോഡുകൾ വെട്ടിപ്പൊളിക്കലും പുതിയ ഫ്ലൈ ഓവറുകൾ പണിയലും മാത്രമാണ് നടക്കുന്നത്. ഇത് കൂടുതൽ വാഹനങ്ങളെയും അരാജകത്വത്തെയുമാണ് ക്ഷണിച്ചുവരുത്തുന്നത്,” നിനാദ് വ്യക്തമാക്കി.
നഗരത്തിലെ വാഹനമോടിക്കുന്നവരുടെ മോശം സംസ്കാരത്തെയും അദ്ദേഹം വിമർശിച്ചു. പ്രദേശവാസിയോ കുടിയേറ്റക്കാരനോ ആകട്ടെ, എല്ലാവരും റോഡ് സ്വന്തമാണെന്ന മട്ടിലാണ് വാഹനമോടിക്കുന്നത്. റോഡ് കോപവും നിയമലംഘനങ്ങളും മുൻപത്തേക്കാൾ രൂക്ഷമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിനാദിന്റെ പോസ്റ്റിന് പിന്തുണയുമായി ഒട്ടേറെ ആളുകൾ രംഗത്തെത്തി. തങ്ങൾ അഭിമുഖീകരിക്കുന്ന സമാനമായ അനുഭവങ്ങൾ അവർ പങ്കുവെച്ചു. എന്നാൽ ഭരണകൂടത്തെ മാത്രം കുറ്റം പറയുന്നതിനെ ചിലർ എതിർത്തു.
വളർന്നുവരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസൃതമായി നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളും വികസിക്കുന്നില്ലെന്ന വലിയ ആശങ്കയിലേക്കാണ് ഈ സോഷ്യൽ മീഡിയ ചർച്ച വിരൽ ചൂണ്ടുന്നത്.
