കൊച്ചി: അഗ്രികള്‍ച്ചറല്‍ ടൂറിസം മേഖലയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്കി നൂറുകണക്കിന് ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് 100 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.
കേസുമായി ബന്ധപ്പെട്ട് കളമശേരി പത്തടിപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്കോസ് (അഗ്രി ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി )എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ ലാലൂര്‍ റോഡ് പറത്തല വീട്ടില്‍ മുരളീധരന്(62), മക്കളായ ആഷിഖ് മുരളി (38), അഖില്‍ മുരളി(35) എന്നിവരെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.അറ്റ്കോസ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആയി 13 ശാഖകളും കൂടാതെ തമിഴ്നാട്ടില്‍ കോയമ്പത്തൂരും ഒരു ശാഖ പ്രവര്‍ത്തിച്ചുവരുന്നു.
പണം നിക്ഷേപിച്ചവര്‍ക്കു പണം തിരികെ നല്‍കാതെ വന്നപ്പോള്‍ കമ്പനിയെ സമീപിച്ചുവെങ്കിലും അവര്‍ക്ക് പണമോ ലാഭവിഹിതമോ തിരികെ നല്‍കിയില്ല. തുടര്‍ന്ന് സ്ഥാപനത്തിനെതിരെ സംസ്ഥാനത്ത് ഉടനീളം 32 പോലീസ് സ്റ്റേഷനുകളിലായി 54 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കളമശേരി പോലീസ് സ്റ്റേഷനില്‍ മാത്രം 29 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പണം നഷ്ടപ്പെട്ടവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ വാട്സ്ആപ്പ് കൂട്ടായ്മയില്‍ പ്രതികളുടെ തന്നെ ആളുകളെ ഉള്‍പ്പെടുത്തുകയും അവര്‍ക്കെതിരെ നടത്തുന്ന കേസുകളുടെ വിവരങ്ങള്‍ പ്രതികള്‍ മുന്‍കൂട്ടി മനസിലാക്കി ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ നോട്ട് അറസ്റ്റ് ഉത്തരവ് വാങ്ങിക്കുകയുമായിരുന്നു. ഈ ഉത്തരവ് കോടതി പിന്‍വലിച്ചതോടെ പ്രതികള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിക്കുകയും തൃശൂര്‍ അമല നഗറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും അതിസാഹസികമായി കഴിഞ്ഞ ദിവസം പിടികൂടുകയുമായിരുന്നു.
തമിഴ്നാട്ടില്‍ നിന്നും അവരുടെ തന്നെ സ്ഥാപനത്തിലെ ഒരു തൊഴിലാളികളുടെ പുതിയ സിം എടുത്ത് തൃശൂരിലെ ഈ അപ്പാര്‍ട്ട്മെന്റ് രഹസ്യമായി വാടകയ്ക്ക് എടുത്ത് പുറം ലോകവുമായി ബന്ധപ്പെടാതെ ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി തവണ പ്രതികളെ തിരക്കി വിവിധ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സ്വത്ത് കണ്ടുകെട്ടാന്‍ നടപടി
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്വത്ത് കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിച്ചതായി കളമശേരി പോലീസ് അറിയിച്ചു. ഈ സ്ഥാപനത്തിന്റെ പത്തടി പാലത്തുള്ള ഓഫീസ് റെയ്ഡ് ചെയ്ത് നിര്‍ണായകമായ രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
