സ്വിറ്റ്സർലൻഡിൽ ഒരു ചെറിയ പോർഷൻ ഫ്രെഞ്ച് ഫ്രൈസിന് 940 രൂപ നൽകേണ്ടി വന്ന അനുഭവം പങ്കുവെച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്ററായ മാധുരി ഭുവൻ. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ മാധുരി ഈ വിലക്കയറ്റത്തിന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.
ഇന്ത്യയിൽ ഏകദേശം 200 രൂപയ്ക്ക് ഇതിലും വലിയ അളവിൽ ഫ്രൈസ് ലഭിക്കുമെന്നും, നാട്ടിൽ ജീവിക്കുമ്പോഴാണ് യഥാർഥത്തിൽ രാജാക്കന്മാരെപ്പോലെ ജീവിക്കാൻ കഴിയുന്നതെന്ന് മനസ്സിലാകുന്നതെന്നും അവർ തമാശരൂപേണ പറഞ്ഞു. സ്വിറ്റ്സർലൻഡ് കാണാൻ സുന്ദരമാണെങ്കിലും അവിടുത്തെ ചെലവുകൾ താങ്ങാൻ “സ്വിസ് ശമ്പളം” തന്നെ വേണമെന്ന് അവർ കുറിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവും വരുമാനവും കണക്കിലെടുക്കുമ്പോൾ അവിടെ ജനങ്ങൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നും, രൂപയിലേക്ക് നേരിട്ട് മാറ്റുമ്പോൾ ഉണ്ടാകുന്ന വിലവ്യത്യാസമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു.
