തൊഴിലില്ലായ്മയും പിരിച്ചുവിടലുകളും വാർത്തയാകുന്ന നിറയുന്ന ഈ കാലഘട്ടത്തിൽ, ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ, തൊഴിലിടത്തിലെ വിഷമയമായ അന്തരീക്ഷം കാരണം 25 വയസുള്ള ഒരു യുവാവ് ഇത്തരമൊരു വൻ ഓഫർ നിരസിച്ച വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഐഐഎം ലഖ്നൗ പൂർവ്വവിദ്യാർഥിനിയും സീനിയർ പ്രൊഡക്ട് മാനേജരുമായ മുസ്കാൻ അത്താർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. “എന്റെ ഒരു സുഹൃത്ത് വിഷമയമായ തൊഴിൽ അന്തരീക്ഷം ഒഴിവാക്കാൻ 25-ാം വയസ്സിൽ ഒരു കോടി രൂപയുടെ ജോലി വാഗ്ദാനം നിരസിച്ചു. സമാനമായ അവസരങ്ങൾ ഞാൻ വേണ്ടെന്നുവെച്ചിട്ടുണ്ടെങ്കിലും, 25-ാം വയസിൽ ഇത്തരം പ്രയോറിറ്റി തെരഞ്ഞെടുക്കാനുള്ള വ്യക്തത എനിക്കുണ്ടായിരുന്നില്ല,” മുസ്കാൻ കുറിച്ചു.
ഹ്രസ്വകാല ലാഭത്തേക്കാൾ സ്വന്തം മാനസികാരോഗ്യത്തിനും ദീർഘകാല ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്ന ഇന്നത്തെ യുവതലമുറയുടെ ചിന്താഗതി മാറ്റത്തെക്കുറിച്ചാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഉയർന്ന ശമ്പളത്തേക്കാൾ നല്ല തൊഴിൽ അന്തരീക്ഷത്തിനും വ്യക്തിഗത മൂല്യങ്ങൾക്കും മുൻഗണന നൽകുന്ന ഒരു തലമുറയാണ് വരുന്നതെന്നും, തൊഴിൽദാതാക്കൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് യുവാവിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പണത്തേക്കാൾ പ്രധാനം മാനസികാരോഗ്യമാണെന്നും ചെറുപ്പത്തിൽ തന്നെ ഇത്തരമൊരു തിരിച്ചറിവുണ്ടായത് അഭിനന്ദനാർഹമാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
