വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർപോർട്ട് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ലഗേജ് ബെൽറ്റിൽ കയറിനിന്ന് ബഹളം വെക്കുകയും ചെയ്ത യാത്രക്കാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇൻഡിഗോ വിമാനം റദ്ദാക്കിയതാണ് യാത്രക്കാരിയെ പ്രകോപിപ്പിച്ചത്.
നിയന്ത്രണം വിട്ട യാത്രക്കാരി ലഗേജ് ബെൽറ്റിൽ കയറി നിൽക്കുകയും ഇൻഡിഗോ ജീവനക്കാരുടെ മേശപ്പുറത്തിരുന്ന പേപ്പറുകളും രേഖകളും എടുത്തെറിയുകയും ചെയ്തു. ജീവനക്കാർ ഇവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. കുട്ടിക്ക് സുഖമില്ലാത്തതിനാലാണ് ഇവർ പ്രകോപിതയായതെന്ന് കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വിമാനത്താവളത്തിലെ സ്വത്തുക്കൾ നശിപ്പിക്കരുതെന്നും അങ്ങോട്ടേക്ക് വീണ്ടും പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരിയോട് നിർദ്ദേശിച്ചു.
മണിക്കൂറുകളോളം വൈകിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം ഇൻഡിഗോ അധികൃതർ അറിയിച്ചതെന്നും യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ, വിമാനങ്ങൾ റദ്ദാക്കുന്നതിൽ നേരിട്ട് പങ്കില്ലാത്ത ഗ്രൗണ്ട് സ്റ്റാഫിനോട് മോശമായി പെരുമാറിയ യാത്രക്കാരിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
