ഡൽഹി മെട്രോ കോച്ചിനുള്ളിൽ വനിതാ യാത്രക്കാരിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ആരോപണത്തെ തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ജവാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ 12.40ന് എയിംസ് മെട്രോ സ്റ്റേഷനിലാണ് സംഭവം. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ച് യുവതി ജവാനെ ചോദ്യം ചെയ്യുകയായിരുന്നു. ഫോട്ടോ എടുത്തിട്ടില്ലെന്ന് ജവാൻ നിഷേധിച്ചെങ്കിലും, മൊബൈൽ ഫോണിലെ ഗാലറി പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി സഹയാത്രക്കാർ ആരോപിക്കുന്നു.
ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പുറത്തുപോകാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെച്ചു. തർക്കത്തിനിടെ ജവാൻ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടിയതായി ചിലർ ആരോപിച്ചെങ്കിലും, പോലീസ് ഈ അവകാശവാദം തള്ളി.
സംഭവ സ്ഥലത്തെത്തിയ മെട്രോ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും, യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, യാത്രക്കാരുടെയും യുവതിയുടെയും ആരോപണങ്ങൾ കണക്കിലെടുത്ത് സിഐഎസ്എഫ് അധികൃതരെ വിവരമറിയിക്കുകയും തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടിയെടുക്കുകയും ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
