തന്റെ സംഗീത, നാടക ജീവിതത്തിന്റെ മാനേജരായി അമ്മയെ നിയമിച്ചെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടി വന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. അവന്തി നഗ്രാൽ എന്ന ലിങ്ക്ഡ്ഇൻ ഉപയോക്താവാണ് കുടുംബബന്ധങ്ങളും പ്രൊഫഷണൽ ജീവിതവും തമ്മിൽ കൂട്ടിക്കുഴച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത്.
ഹാർവാർഡ് സർവ്വകലാശാലയിൽ പഠിക്കുന്നതിന് മുൻപുള്ള ഇടവേളയിൽ സംഗീത-നാടക രംഗങ്ങളിൽ അവസരങ്ങൾ വർധിച്ചപ്പോഴാണ് ഇമെയിലുകൾ, യാത്രാ പദ്ധതികൾ, വേതനം എന്നിവ കൈകാര്യം ചെയ്യാൻ അവന്തി അമ്മയുടെ സഹായം തേടിയത്. എന്നാൽ കരിയർ മാനേജർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പകരം ഒരു അമ്മ എന്ന നിലയിലുള്ള അമിത സംരക്ഷണമാണ് അവർ കാട്ടിയതെന്ന് അവന്തി പറയുന്നു.
“എനിക്ക് ഇതിലും നല്ലത് അർഹതയുണ്ടെന്ന് പറഞ്ഞ് മിക്ക അവസരങ്ങളും അമ്മ നിരസിച്ചു. രാത്രി വൈകിയുള്ള പരിപാടികൾ, അപരിചിതമായ നഗരങ്ങൾ, വലിയ ജനക്കൂട്ടം എന്നിവയെയൊക്കെ അമ്മ ഭയന്നു. അവർ എന്റെ കരിയർ മാനേജ് ചെയ്യുകയല്ല, മറിച്ച് സ്വന്തം മകളെ സംരക്ഷിക്കുകയായിരുന്നു,” എന്ന് അവന്തി കുറിച്ചു.
ഒരു കലാകാരിക്ക് കരിയർ വളർത്താൻ ആവശ്യമായ തീരുമാനങ്ങളല്ല അമ്മയിൽ നിന്നുണ്ടായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയെ ചുമതലകളിൽ നിന്ന് മാറ്റിയത്. നിലവിൽ മറ്റ് പ്രൊഫഷണൽ മാനേജർമാരെയാണ് അവന്തി ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വ്യക്തിബന്ധങ്ങൾ തൊഴിലിനെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

