മലപ്പുറം: ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലുണ്ടായ സംഭവത്തിൽ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. കോളജ് ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽനിന്നാണ് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
കോളജുകളിൽ ഓണാഘോഷം നടക്കുന്നതിനാൽ ജില്ലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനരികിലേക്ക് എക്സൈസ് വാഹനം എത്തിയപ്പോൾ കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
അതേസമയം വിദ്യാർഥികൾ കാറിൽനിന്ന് ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടിപ്പോയ മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് സംഘം പറഞ്ഞു.
