കൊച്ചി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് വൻ ലാഭം നേടാമെന്ന വ്യാജേന യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മുനമ്പം ബീച്ച് സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണ് സൈബർ തട്ടിപ്പിന്റെ ഇരയായത്. ഏകദേശം 6,96,950 രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്.
ഈ വർഷം ഏപ്രിൽ 5 മുതൽ 11 വരെയുള്ള ദിവസങ്ങളിലായിട്ടാണ് പണം കൈമാറിയത്. സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള നേരിട്ടുള്ള ട്രാൻസ്ഫറിന് പുറമെ, തന്റെയും അമ്മയുടെയും സഹോദരിയുടെയും ഫോണുകളിൽ നിന്നുള്ള യുപിഐ ഇടപാടുകൾ വഴിയുമാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.
പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മേഘ ട്രേഡിംഗ് കമ്പനി’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു പ്രതികൾ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തതനുസരിച്ച് ലാഭവിഹിസമോ മുതൽ തുകയോ തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പിലാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. തുടർന്ന് ഇവർ മുനമ്പം പോലീസിൽ പരാതി നൽകുകയും, പോലീസ് സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
