പയ്യന്നൂര്‍: തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. രാമന്തളി വടക്കുമ്പാട് താമസിക്കുന്ന മുഹമ്മദ് ഷെഹ്സാദിന്റെ പരാതിയിലാണ് പ്രദേശവാസികളായ അസ്കര്‍, സജാദ്, ഇര്ഫാന്, റൈഫു എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ രാത്രി ഒന്‍പതരയോടെ വടക്കുമ്പാട് കൊവ്വലിലാണ് പരാതിക്കാസ്പദമായ സംഭവം. നബിദിന പരിപാടി കാണുന്നതിനായി പോയ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
പരാതിക്കാരന് കണ്ണങ്ങാട്ട് നിര്‍ത്തിയിട്ട ബൈക്കില്‍ പ്രതികളിലൊരാളുടെ ബൈക്ക് തട്ടിയതിലുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായി പരാതിയിലുള്ളത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്റെ മൊഴിയെടുത്തശേഷമാണ് പൊലിസ് കേസെടുത്തത്.
