മൂത്രം അനിയന്ത്രിതമായി ചോർന്നുപോകുന്ന പ്രശ്നത്തിന് സ്വയം പരിഹാരം കണ്ടെത്താൻ ശ്രമിച്ച 41കാരന് സംഭവിച്ചത് ഗുരുതര ആരോഗ്യപ്രശ്നം. ചോർച്ച തടയാനായി ഇയാൾ മൂത്രനാളിക്കുള്ളിലേക്ക് സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പശ കട്ടപിടിച്ച് മൂത്രനാളി പൂർണമായി അടഞ്ഞതോടെ കടുത്ത വേദനയുമായി ആശുപത്രിയിലെത്തേണ്ടിവന്നു.
ഇയാൾ കുറച്ചുകാലമായി മൂത്രം നിയന്ത്രിക്കാനാകാതെ ചോർന്നുപോകുന്ന പ്രശ്നം നേരിട്ടിരുന്നു. ഇതിന് വൈദ്യസഹായം തേടുന്നതിന് പകരം ശക്തമായ പശ മൂത്രനാളിക്കുള്ളിൽ ഒഴിച്ച് ചോർച്ച തടയാനായിരുന്നു ശ്രമം. തുടക്കത്തിൽ ലക്ഷ്യം സാധിച്ചതായി തോന്നിയെങ്കിലും വൈകാതെ ഇത് അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയായി മാറി.
മൂത്രനാളിക്കുള്ളിൽ എത്തിയ പശ ഏതാനും ദിവസങ്ങൾക്കുള്ളിൽ കട്ടപിടിച്ച് ഏകദേശം 10 സെന്റിമീറ്റർ നീളമുള്ള ഉറച്ച കട്ടയായി മാറി. ഇതോടെ മൂത്രം പുറത്തേക്ക് പോകുന്ന വഴി പൂർണമായി അടഞ്ഞു. അടിവയറ്റിൽ അസഹനീയമായ വേദനയും അനുഭവപ്പെട്ടു.
വേദന ഒരാഴ്ചയോളം സഹിച്ചശേഷമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ചർമത്തിനടിയിലൂടെ തന്നെ കട്ടപിടിച്ച പശയുടെ സാനിധ്യം ഡോക്ടർമാർക്ക് കണ്ടെത്തി. കട്ടിയേറിയ പശ സാധാരണ രീതിയിൽ നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ശസ്ത്രക്രിയയിലൂടെ ടിഷ്യുവിൽ മുറിവുണ്ടാക്കി പശക്കട്ട പുറത്തെടുക്കുകയായിരുന്നു.
ഇത്തരം സംഭവങ്ങൾക്ക് പലപ്പോഴും ലൈംഗിക ഉത്തേജനവുമായി ബന്ധപ്പെട്ട കാരണങ്ങളോ പെരുമാറ്റ പ്രശ്നങ്ങളോ പിന്നിലുണ്ടാകാറുണ്ട്. എന്നാൽ ഈ കേസിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. സൂപ്പർ ഗ്ലൂ ഉപയോഗിച്ച 41കാരന് മാനസികാരോഗ്യ സംബന്ധമായ രോഗങ്ങളുടെ മുൻചരിത്രമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. മൂത്രച്ചോർച്ചയ്ക്ക് സ്വയം പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അപകടകരമായ മാർഗം സ്വീകരിച്ചത്.
മൂത്രനാളിയിൽ പശയോ മറ്റേതെങ്കിലും വിദേശ വസ്തുക്കളോ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നത് ഗുരുതരമായ ടിഷ്യു നാശത്തിനും അണുബാധയ്ക്കും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും സ്ഥിരമായ മൂത്രാശയ തകരാറുകൾക്കും കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മൂത്രം അനിയന്ത്രിതമായി ചോർന്നുപോകുന്ന പ്രശ്നം അനുഭവപ്പെടുന്നവർ വീട്ടുവൈദ്യങ്ങളോ സ്വയം ചികിത്സാ മാർഗങ്ങളോ പരീക്ഷിക്കാതെ ഡോക്ടറെയോ യൂറോളജിസ്റ്റിനെയോ സമീപിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
