ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലെ ഒരു മഠത്തിൽ സന്യാസി കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ആവേശം പകർന്ന ഒരു ഗോൾഡൻ റിട്രീവർ നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
@thepawsomelifeofmurphy ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ‘മാഫു’ (Maffu) എന്ന് പേരുള്ള ഗോൾഡൻ റിട്രീവർ നായയാണ് അപ്രതീക്ഷിതമായി കളിയിലേക്കിറങ്ങിയത്. മഠത്തിലെ യുവ സന്യാസിമാർക്കൊപ്പം പന്ത് തട്ടിയും മൈതാനത്ത് ചുറ്റും ഓടിക്കളിച്ചും കുട്ടികളെപ്പോലെ വലിയ ആവേശത്തോടെയാണ് മാഫു ഒപ്പം കൂടിയത്.
ഹിമാചലിലെ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ നടന്ന ഈ കുസൃതിനിറഞ്ഞ കളി നെറ്റിസൺസിന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. ഇതിനോടകം 1.8 ദശലക്ഷത്തിലധികം ആളുകളാണ് ഈ മനോഹര വീഡിയോ കണ്ടത്. നായയുടെ പ്രകടനത്തെ അഭിനന്ദിച്ചും സ്നേഹം പങ്കുവെച്ചും നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
