നീലംപേരൂര്‍: ആയിരങ്ങളുടെ ആര്‍പ്പുവിളികളു ആരവങ്ങളും ഏറ്റുവാങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്ര മൈതാനം ഇന്ന് പൂരം പടയണിക്ക് വേദിയൊരുക്കും. വലിയന്നവും രണ്ട് ഇടത്തരം അന്നങ്ങളും 58 പുത്തനന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നതോടെ ക്ഷേത്രമൈതാനം വര്‍ണങ്ങളുടെയും ഭക്തിയുടെയും സംഗമഭൂമിയാകും. വലിയന്നത്തിന്റെ വരവോടെ ക്ഷേത്രമൈതാനം ചൂട്ടുവെളിച്ചത്തിന്റെ ശോഭയിൽ ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാകും.
ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തജനങ്ങള്‍ കോലങ്ങളുടെയും അരയന്നങ്ങളുടെയും പണിപ്പുരയിലായിരുന്നു. രാവിലെ മുതല്‍ അവസാനഘട്ട മിനുക്കുപണിയില്‍ ഏര്‍പ്പെട്ടിരുന്ന ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രമൈതാനം സജീവമാണ്.
പടയണിദിവസം എഴുന്നള്ളുന്ന വലിയ അന്നങ്ങളെ അണിയിച്ചൊരുക്കാന്‍ പ്രധാനമായും ചെത്തിപ്പൂവാണ് ഉപയോഗിക്കുന്നത്. ഇതിനായുള്ള ചിറന്പുകുത്ത് ക്ഷേത്രത്തില്‍ ഭക്ത്യാദരവോടെ നടന്നു. കീറിയെടുത്ത വാഴപ്പോളയില്‍ ചെത്തിപ്പൂവ് അടര്‍ത്തി ഈര്‍ക്കിലിയില്‍ കോര്‍ക്കുന്നതാണ് ചിറമ്പുകുത്ത്.
നാട്ടിലെ ആൺ-പെണ് വ്യത്യാസമില്ലാതെ കുട്ടികളും ഉള്‍പ്പടെ ചേര്‍ന്നാണ് ചിറന്പുകുത്ത് നടത്തുന്നത്. നിറപണികള്കള്ക്കായുള്ള ചെത്തിപ്പൂവ് സമീപവാസികളായ ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കുന്നത്.
വല്യന്നങ്ങളും ചെറിയന്നങ്ങളും എഴുന്നള്ളിയെത്തുന്നതിനിടയില് കോലങ്ങളും പടയണിക്കളത്തില്‍ വര്ണപ്രപഞ്ചമൊരുക്കും. പൂരം പടയണിയുടെ വരവറിയിച്ച് അമ്പലക്കോട്ട ഇന്നലെ മകം പടയണി നാളില്‍ എഴുന്നള്ളിയെത്തി. ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങിയശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
കുടംപൂജകളിയും തോത്താകളിയും നടന്നു. തുടര്‍ന്ന് ആര്‍പ്പുവിളികളുടെ ആരവത്തില്‍ അടിയന്തരക്കോലം പടയണിക്കളത്തിലെത്തി. ഇതോടെ ഭക്തരുടെ ആര്‍പ്പുവിളി ഉച്ചസ്ഥായിയിലായി.
ഇന്നു രാവിലെ മുതല്‍ അന്നങ്ങളുടെ നിറപണികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, കൊട്ടിപ്പാടി സേവ, തുടര്‍ന്ന് പ്രസാദമൂട്ട്. രാത്രി 7.30ന് അത്താഴപൂജ, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ, രാത്രി 10ന് കുടംപൂജകളി, 10.30ന് ക്ഷേത്രം മേല്‍ശാന്തി സര്‍വപ്രായശ്ചിത്തം നടത്തും.
തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ചേരമാന്‍ പെരുമാള്‍ കോവിലിലെത്തി അനുവാദം വാങ്ങുന്നതോടെ പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം തുടങ്ങും. തുടര്‍ന്ന് പടയണി ഗ്രാമത്തിന്റെ മഹാസുകൃതമായ വല്യന്നത്തിന്റെ എഴുന്നള്ളത്ത് നടക്കും.
