വിഷപാമ്പുകളുടെ ഭീഷണിയും ഉടഞ്ഞ ചില്ലുകഷണങ്ങൾക്കിടയിലെ അപകടങ്ങളും വകവെക്കാതെ ഗംഗാ നദിയെ ശുചീകരിക്കാൻ ഒറ്റയ്ക്ക് പോരാടുന്ന ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നു. ഗംഗയെ മാലിന്യമുക്തമാക്കാൻ തന്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ് വ്ലോഗർ ശിവം കുമാർ.
കഴിഞ്ഞ ഒരു വർഷമായി ഗംഗാ തീരത്തുനിന്നും വെള്ളത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വീഡിയോകൾ ശിവം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വെറുമൊരു റബ്ബർ ഗ്ലൗസ് മാത്രം ധരിച്ച് മണിക്കൂറുകളോളമാണ് ഇയാൾ പുഴയിലിറങ്ങി ജോലി ചെയ്യുന്നത്. കുപ്പിചില്ലുകൾ, കാർഡ്ബോർഡുകൾ, ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്യുന്നത്.
താൻ നദി വൃത്തിയാക്കുമ്പോഴും ചിലർ പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങൾ വീണ്ടും ഗംഗയിലേക്ക് തള്ളുന്നത് കാണുമ്പോൾ നിരാശ തോന്നാറുണ്ടെന്ന് ശിവം പറയുന്നു. നദിയിലെ മാലിന്യങ്ങൾ ജലജീവികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ഇയാൾ ചൂണ്ടിക്കാണിക്കുന്നു.
തന്റെ ശുചീകരണ ദൗത്യത്തിന് ആവശ്യമായ പണം കണ്ടെത്താനായി കടകൾ തോറും കയറിയിറങ്ങി ജോലി അന്വേഷിക്കുന്ന വീഡിയോയും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ചെരുപ്പ് മാത്രം ധരിച്ച് ഉടഞ്ഞ ഗ്ലാസ് കഷണങ്ങൾക്കിടയിലൂടെ നടക്കുമ്പോഴും, പുഴയിലെ വിഷപ്പാമ്പുകളെ നേരിടുമ്പോഴും പതറാതെ ഇയാൾ ജോലി തുടരുകയാണ്.
ശിവത്തിന്റെ ഈ അർപ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. നദികൾ മലിനമാക്കുന്നവർക്കെതിരെ വിമർശന
മുയർത്തുന്നതിനൊപ്പം, ഗംഗയെ സംരക്ഷിക്കാൻ ഇത്തരത്തിലുള്ള വ്യക്തിഗത ശ്രമങ്ങൾ മാത്രം പോരെന്നും ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
