കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരന്മാര്ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് 19 ലേക്ക് മാറ്റി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് 19 ലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പ്രതികള്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരം മൂന്നുപേരും ഹാജരായിരുന്നു.
മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നടപടി പുരോഗമിക്കുകയാണെന്ന് പ്രതികള്‍ അറിയിച്ചതിനാല്‍ നേരത്തെ പലതവണ കേസ് മാറ്റിവച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ഹാജരാവാന്‍ പ്രതികള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, അഭിഭാഷകന് മാത്രമായിരുന്നു കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ സ്റ്റേ പെറ്റിഷന്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ നടപടി അറിഞ്ഞ ശേഷം വിചാരണ കോടതി നടപടികളിലേക്ക് കടക്കാമെന്നും അഭിഭാഷകന് അറിയിച്ചതോടെ കേസ് വീണ്ടും മാറ്റിവച്ചു. ഇതോടെ സ്റ്റേ നടപടി ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം റദ്ദാക്കുമെന്നും മജിസ്ട്രേറ്റ് കോടതി അറിയിച്ചിരുന്നു.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്. കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.
