മിലിട്ടറി ക്യാമ്പ് സന്ദർശനത്തിനിടെ കോട്ട് ഊരിവെച്ച് 100 കിലോ ഭാരം 20 തവണ ബെഞ്ച് പ്രസ്സ് ചെയ്ത് മംഗോളിയൻ പ്രസിഡന്റ് ഉഖ്നാഗിൻ ഖുറേൽസുഖ് (Ukhnaagiin Khurelsukh).58കാരനായ പ്രസിഡന്റിന്റെ ഈ കരുത്തുറ്റ പ്രകടനം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരിക്കുകയാണ്.
സൈനിക ഉദ്യോഗസ്ഥരെയും പടയാളികളെയും സാക്ഷിനിർത്തിയായിരുന്നു രാഷ്ട്രത്തലവന്റെ ഈ ഫിറ്റ്നസ് പ്രകടനം. യാതൊരു ആയാസവുമില്ലാതെ ഭാരമുയർത്തിയ ശേഷം, ചുറ്റുമുള്ളവർക്ക് ഹസ്തദാനം നൽകി അദ്ദേഹം വീണ്ടും തന്റെ ജാക്കറ്റ് ധരിച്ചു. 2021 മുതൽ മംഗോളിയൻ പ്രസിഡന്റായി തുടരുന്ന ഖുറേൽസുഖ്, രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് മംഗോളിയൻ പീപ്പിൾസ് ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.
ബോഡിബിൽഡിംഗിലും ആയോധനകലകളിലും താല്പര്യമുള്ള ഇദ്ദേഹം, ‘പാൽസ്’ (Pals) എന്ന റോക്ക് ബാൻഡിൽ ഗിത്താറിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മംഗോളിയയിലെ ഹാർലി-ഡേവിഡ്സൺ (Harley-Davidson) ഫാൻ ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. മുൻപ് ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രചരിച്ച വിഡിയോയ്ക്ക് കോടിക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.
