തൃശൂർ: സാംസ്കാരികനഗരിയിൽ വീണ്ടും നാടകാവേശത്തിന് അരങ്ങുണരുന്നു. നാലരപ്പതിറ്റാണ്ടോളമായി മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുന്ന ട്രിച്ചൂർ ആർട്സ് സൊസൈറ്റി (ടാസ്) സംഘടിപ്പിക്കുന്ന 30-ാമത് അഖിലകേരള പ്രഫഷണൽ നാടകോത്സവത്തിനു ടൗണ്‍ഹാൾ വേദിയാകും. ഈ മാസം 12 മുതൽ 23 വരെ ദിവസവും വൈകീട്ട് 6.30നാണു നാടകങ്ങൾ അരങ്ങേറുന്നത്. മേയർ ഡോ. നിജി ജസ്റ്റിൻ മേള ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രമുഖ നാടകസമിതികൾ മാറ്റുരയ്ക്കുന്ന മേളയിൽ പ്രേക്ഷകർ ഗാലപ് പോളിലൂടെയാണു ജേതാക്കളെ തെരഞ്ഞെടുക്കുക. ജോസ് ആലുക്കാസ് എവർ റോളിംഗ് ഗോൾഡ് ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ ശ്രീകുമാർ മാരാത്ത് രചിച്ച് ജയചന്ദ്രൻ സംവിധാനം ചെയ്ത “ശശാങ്കന്റെ പുഷ്പകവിമാനം’ ആണ് ആദ്യം അരങ്ങിലെത്തുക.
നാടകമത്സരത്തിനു മുന്നോടിയായി ദിവസവും വൈകീട്ട് ആറിന് നാടക-കലാ-സിനിമ-സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. 24നു വൈകീട്ട് 5.30നു നടക്കുന്ന സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവാർഡ് പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കും. ഇതിനു മുന്നോടിയായി വൈകീട്ട് അഞ്ചിനു സംഗീതസായാഹ്നവും ഉണ്ടാകും.
പത്രസമ്മേളനത്തിൽ ജോസ് ആലുക്ക, ഡോ. എ.സി. ജോസ്, ഷാജു ചിരിയങ്കണ്ടത്ത്, ജോസ് കോട്ടപ്പറന്പിൽ, തോമസ് ആന്പക്കാടൻ എന്നിവർ പങ്കെടുത്തു.
