വന്ധ്യതാ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 24 വയസ്സുകാരന്റെ വയറ്റിൽ ഗർഭപാത്രം അടക്കമുള്ള സ്ത്രീ ജനനേന്ദ്രിയ അവയവങ്ങൾ കണ്ടെത്തി. ഡൽഹി രാജൗരി ഗാർഡനിലെ ആർ.ജി ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ യുവാവിലാണ് ‘പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം’ എന്ന അത്യപൂർവ്വ ജന്മനാ ഉള്ള ശാരീരികാവസ്ഥ കണ്ടെത്തിയത്.
ബാഹ്യമായി പുരുഷന്റെ എല്ലാ ശാരീരിക ലക്ഷണങ്ങളുമുള്ള വ്യക്തിയായിരുന്നു ഇയാൾ. എന്നാൽ പരിശോധനയിൽ ഇയാളുടെ വൃഷണങ്ങൾ അണ്ഡാശയ സമാനമായ രീതിയിൽ അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി. ബീജ ഗ്രന്ഥിയിൽ ബീജങ്ങളുടെ അഭാവം കണ്ടതിനെ തുടർന്ന് നടത്തിയ ക്രോമസോം, ഹോർമോൺ, എംആർഐ പരിശോധനകളിലാണ് പൂർണ വളർച്ചയെത്തിയ ഗർഭപാത്രം വയറ്റിൽ ഉള്ളതായി തെളിഞ്ഞത്. ജനറ്റിക് പരിശോധനയിൽ ഇയാളുടേത് പുരുഷന്മാരുടെ സാധാരണ ക്രോമസോം ഘടനയായ 46,XY ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗർഭാവസ്ഥയിൽ ആൺ ഭ്രൂണത്തിന്റെ വളർച്ചാ ഘട്ടത്തിൽ നശിച്ചുപോകേണ്ട സ്ത്രീ ജനനേന്ദ്രിയ അവയവങ്ങൾ, ആന്റി-മുള്ളേറിയൻ ഹോർമോണിന്റെ കുറവു മൂലം നശിക്കാതെ ശേഷിക്കുന്നതാണ് ഈ അപൂർവ്വാവസ്ഥയ്ക്ക് കാരണം. വയറിനുള്ളിൽ വൃഷണങ്ങൾ കുടുങ്ങിപ്പോകുന്നത് ബീജ ഉത്പാദനത്തെ ബാധിക്കുന്നതാണ് ഇവരിൽ വന്ധ്യതയ്ക്ക് കാരണമാകുന്നത്. മുതിർന്ന ശേഷമുള്ള പരിശോധനകളിലാണ് ഭൂരിഭാഗം ആളുകളിലും ഈ അവസ്ഥ തിരിച്ചറിയാറുള്ളത്.
