സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കാനായി കാർ കുത്തിയൊഴുകുന്ന പുഴയിലേക്ക് ഇറക്കിയ യുവാക്കൾ അതിശക്തമായ ഒഴുക്കിൽപ്പെട്ട് വാഹനത്തിനുള്ളിൽ കുടുങ്ങി. ജമ്മു കാശ്മീരിലെ സോനാമാർഗിൽ സിന്ധ് നദിയിലാണ് സംഭവം. ഡ്രൈവിംഗ് സാമർത്ഥ്യവും സാഹസികതയും ക്യാമറയിൽ പകർത്തി വൈറലാകാൻ ശ്രമിച്ച ശ്രീനഗർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
മഹിന്ദ്ര സ്കോർപിയോ വാഹനവുമായി പുഴയുടെ മധ്യത്തിലേക്ക് പോയ ഇവർ പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ മുന്നോട്ടോ പിന്നോട്ടോ എടുക്കാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ ജമ്മു കാശ്മീർ പോലീസും നാട്ടുകാരും ചേർന്നാണ് സാഹസികമായി വാഹനത്തിനുള്ളിലുണ്ടായിരുന്ന യുവാക്കളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. പിന്നീട് വാഹനം നദിയിൽ നിന്ന് വലിച്ച് പുറത്തെടുത്തു.
സംഭവത്തിൽ ശ്രീനഗർ നവാകടൽ സ്വദേശിയായ ഡ്രൈവർ മുഹമ്മദ് ഇബാദ് ഭട്ട്, റിയാസി സ്വദേശി നസീർ അഹമ്മദ് മുഗൾ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത്തരം ജീവന് ഭീഷണിയാകുന്ന സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
