കാനഡയിൽ ഇന്ത്യൻ വംശജയായ വീട്ടുടമ രാജും വാടകക്കാരനും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു, അതിനു പിന്നാലെ, സംഭവത്തിൽ തന്റെ ഭാഗം വിശദീകരിച്ച് രാജ് രംഗത്തെത്തി.
വാടകക്കാരൻ പുറത്തുവിട്ട വീഡിയോകളിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ വീഡിയോ സന്ദേശത്തിലൂടെയാണ് രാജ് പ്രതികരിച്ചത്. താൻ സുഖമായിരിക്കുന്നുവെന്നും പ്രചരിക്കുന്ന വീഡിയോകൾക്ക് പിന്നിലെ യഥാർഥ സാഹചര്യം വ്യക്തമാക്കാനാണ് വീഡിയോ പുറത്തുവിടുന്നതെന്നും രാജ് പറഞ്ഞു.
‘പോലീസ് എന്നെ കസ്റ്റഡിയിലെടുത്തു’ വൈറലായ വീഡിയോകളുമായി ബന്ധപ്പെട്ട് പൊലിസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന കാര്യം രാജ് സ്ഥിരീകരിച്ചു.
വൈറലായ വീഡിയോ യഥാർഥത്തിൽ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതിന് ഏകദേശം പത്ത് ദിവസം മുമ്പ് ചിത്രീകരിച്ചതാണെന്നും അവർ അവകാശപ്പെട്ടു. വീഡിയോകൾ വൈറലായതോടെ തന്റെ വ്യക്തിജീവിതത്തെയും ജോലിയെയും അത് ബാധിച്ചുവെന്നും നിരവധി ഉപഭോക്താക്കളും പരിചയക്കാരും തന്നെ ബന്ധപ്പെട്ടതായും രാജ് പറഞ്ഞു.
വാടകക്കാർ മാസങ്ങളായി വാടക നൽകിയിരുന്നില്ലെന്നും തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചെന്നും വീടിനും സ്വത്തിനും കേടുപാടുകൾ വരുത്തിയെന്നും രാജ് ആരോപിച്ചു. ‘ഞാൻ ഈ വീഡിയോ ചെയ്യാൻ തീരുമാനിച്ചത് എല്ലാവരെയും അറിയിക്കാനാണ്, ഞാൻ പൂർണമായും സുഖമായിരിക്കുന്നു. കൂടാതെ, വാടകക്കാർ മാസങ്ങളായി വാടക നൽകിയിരുന്നില്ല. അവർ എന്നെ ബുദ്ധിമുട്ടിക്കുകയും സ്വത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വിഷയം ഇതിനകം Tenancy Board-ന്റെ പരിഗണനയിലായിരുന്നുവെന്നും കഴിഞ്ഞ ആഴ്ച വാടകക്കാരെ ഒഴിപ്പിച്ചുവെന്നും’ രാജ് അവകാശപ്പെട്ടു.
പൊലിസ് അഭിഭാഷകരും Tenancy Board-ഉം വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, ബാർബിക്യൂവിൽ നിന്നാണ് തർക്കം തുടങ്ങിയത്. വാടകക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ പ്രകാരം, സുഹൃത്തിനൊപ്പം വീടിന്റെ തോട്ടത്തിൽ ബാർബിക്യൂ ഉണ്ടാക്കിയതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.
വീഡിയോയിൽ രാജ് ബാർബിക്യൂവിന് സമീപമെത്തി അതിലുണ്ടായിരുന്ന ഭക്ഷണം നീക്കം ചെയ്യുന്നതായി കാണാം. ‘എന്തിനാണ് നിങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്? ഞങ്ങൾ അത്താഴം പാചകം ചെയ്യാൻ മാത്രമാണ് ശ്രമിക്കുന്നത്.’എന്ന് വാടകക്കാരൻ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് രാജ് ഒരു മരക്കഷണം എടുത്ത് ബാർബിക്യൂവിലുണ്ടായിരുന്ന ഭക്ഷണം തള്ളിമാറ്റുകയും, നിങ്ങൾക്ക് എന്റെ സ്ഥലത്ത് ഇത് ചെയ്യാൻ കഴിയില്ല. ഞാൻ ഉടൻ പൊലിസിനെ വിളിക്കും എന്ന് പറഞ്ഞു. അതോടെ തർക്കം കൂടുതൽ രൂക്ഷമായി. അതിനെത്തുടർന്നുള്ള വഴക്കും കോലാഹലങ്ങളുമായിരുന്നു പിന്നീടുള്ള വീഡിയോയിൽ.
