ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ഗാല ഡിന്നറിലെ മുഴുവൻ വെജിറ്റേറിയൻ മെനുവിനെതിരേ രാഹുൽ ഗാന്ധി. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണസംസ്കാരം അന്താരാഷ്ട്ര വേദിയിൽ കൂടുതൽ പ്രതിഫലിക്കേണ്ടതായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ വെജിറ്റേറിയൻ ആണ്. എന്റെ സഹോദരിയുടെ ചോലെ ഭട്ടൂരെ പോലെ തന്നെ, ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണം അതീവ രുചികരമാണെന്നും രാഹുൽ പറഞ്ഞു.
പൂർണമായും വെജിറ്റേറിയൻ വിഭവങ്ങളാണ് ഗാല ഡിന്നറിൽ ഒരുക്കിയിരുന്നത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ പാചകരീതികളും രുചികളും ആധുനിക അവതരണത്തിലൂടെ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു.
സ്റ്റാർട്ടറുകളിൽ ഗുജറാത്തിന്റെ പ്രശസ്തമായ ഖണ്ഡ്വിയെ ആധാരമാക്കിയ Khandvi Mille-Feuille, കുങ്കുമപ്പൂവ് മാങ്ങ, യോഗർട്ട് ഡ്രസിങ്, മൈക്രോ ഗ്രീൻസ് എന്നിവയ്ക്കൊപ്പം വിളമ്പി.
മറ്റൊരു ശ്രദ്ധേയ വിഭവമായിരുന്നു ഗലൗട്ടി. വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ഗലൗട്ടി കബാബിന്റെ ശൈലിയിൽ തയാറാക്കിയ കൂൺ അധിഷ്ഠിത വിഭവമാണിത്. ഷീർമാലിനൊപ്പമാണ് ഇത് വിളമ്പിയത്.
പ്രധാന വിഭവങ്ങളിലും വെജിറ്റേറിയൻ വിഭവങ്ങൾ തന്നെയായിരുന്നു.
പനീർ ലബാബ്ദാർ
ഹിമാലയൻ മോറൽ കൂണും അസ്പാരഗസും ചേർത്ത Gucchi Marmik
കാരറ്റ് ബീൻ പൊരിയൽ
തക്കാളി ബെൽ സാരു
മില്ലറ്റ് പുലാവ്
ബീറ്റ്റൂട്ട് റൈത്ത
വിവിധ ഇന്ത്യൻ ബ്രെഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.ഡെസേർട്ട് വിഭാഗത്തിലും ഇന്ത്യൻ പാരമ്പര്യ രുചികൾക്ക് മുൻതൂക്കം നൽകി. പഴയ ഡൽഹിയുടെ രുചി ഓർമ്മിപ്പിക്കുന്ന Old Delhi Fruit Cream ജിലേബിക്കൊപ്പമാണ് വിളമ്പിയത്. എന്നാൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പാതിരുന്നതാണ് രാഹുൽ ഗാന്ധി തന്റെ പോസ്റ്റിലൂടെ ചോദ്യം ചെയ്തത്. സ്വന്തം സഹോദരിയുടെ ചോലെ ഭട്ടൂരെ പരാമർശിച്ചതോടെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് രാഷ്ട്രീയ വിമർശനത്തിനൊപ്പം ഒരു തമാശയുടെ നിറവും ലഭിച്ചു.
