ട്രെയിനിൽ നിന്ന് നൽകിയ ബെഡ്ഷീറ്റ് മോഷ്ടിച്ച് സ്യൂട്ട്കേസിലാക്കി മടങ്ങാൻ ശ്രമിച്ച ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. സംഭവത്തിൽ യാതൊരു പശ്ചാത്താപവുമില്ലാതെ, തങ്ങളെ പിടികൂടിയയാളോട് ദമ്പതികൾ തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
ടിക്കറ്റ് പരിശോധകൻ തങ്ങളിൽ നിന്ന് അധിക പണം ഈടാക്കിയതിനാലാണ് റെയിൽവേയുടെ ബെഡ്ഷീറ്റുകൾ എടുത്തതെന്നാണ് യുവതിയുടെ ഞെട്ടിക്കുന്ന ന്യായീകരണം!
റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ച് സ്യൂട്ട്കേസ് തുറന്ന് പ്ലാസ്റ്റിക് കവറുകളിലുള്ള ബെഡ്ഷീറ്റുകൾ ഭർത്താവ് പുറത്തെടുക്കുന്നത് വീഡിയോയിൽ കാണാം.
കയ്യിൽ കുട്ടിയുമായി നിൽക്കുന്ന യുവതി തങ്ങളെ ചോദ്യം ചെയ്തയാളോട് അഹങ്കാരത്തോടെ സംസാരിക്കുകയായിരുന്നു.”ഞങ്ങൾ എന്തിനാണ് ഇത് ചെയ്തതെന്ന് നിങ്ങളോട് പറഞ്ഞല്ലോ, ടിസി ഞങ്ങളുടെ അടുത്ത് നിന്ന് അധിക പണം വാങ്ങി” എന്ന് യുവതി രോഷത്തോടെ പറയുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ “ഇത് ഞങ്ങൾ തിരികെ തരുന്നുണ്ടല്ലോ” എന്നായിരുന്നു യുവതിയുടെ മറുപടി.
സംഭവ സമയം ഭർത്താവ് ഇതെല്ലാം കണ്ട് ചിരിക്കുകയും വീഡിയോ പകർത്തിയയാളോട് ക്യാമറ ഓഫാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. “ഇനി മേലാൽ ഇത് ആവർത്തിക്കരുത്” എന്ന മുന്നറിയിപ്പോടെയാണ് ഇവരെ യാത്രയാക്കിയത്.
മോഷണം കൈയോടെ പിടികൂടിയിട്ടും യാതൊരു നാണമോ കുറ്റബോധമോ ഇല്ലാതെ സംസാരിച്ച ദമ്പതിമാർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
