ബാല്യകാല ഓർമകളിലേക്ക് തിരികെ നടക്കാൻ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം പഴയകാല സഹപാഠികൾ. 1976 ബാച്ചിലെ സ്കൂൾ സുഹൃത്തുക്കൾ 50 വർഷങ്ങൾക്കുശേഷം തങ്ങൾ പഠിച്ച പഴയ സ്കൂളിൽ ഒന്നിച്ചെത്തി ബാല്യകാലം പുനഃസൃഷ്ടിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
രാകേഷ് നഗർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ അപൂർവ്വ പുനഃസംഗമത്തിന്റെ രംഗങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വിദ്യാർഥികളെപ്പോലെ സ്കൂൾ യൂണിഫോമിന് സമാനമായ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ സ്കൂളിലെത്തിയത്. പുറത്ത് സ്കൂൾ ബാഗുകളും കഴുത്തിൽ കുട്ടികളുടെ കളർഫുൾ വാട്ടർ ബോട്ടിലുകളും തൂക്കി സ്കൂൾ ഗേറ്റ് കടന്നെത്തിയ ഈ മുതിർന്ന മനുഷ്യരുടെ മുഖത്ത് കുസൃതി നിറഞ്ഞ ചിരിയായിരുന്നു.
സ്കൂൾ മുറ്റത്ത് വെച്ച് കുട്ടിക്കാലത്ത് കളിച്ചിരുന്ന ‘പിത്തു’ കളിയും, ലൈനായി നിന്ന് കളിച്ചിരുന്ന ട്രെയിൻ നൃത്തവുമെല്ലാം ഇവർ സന്തോഷത്തോടെ വീണ്ടും കളിച്ചു. “ഞങ്ങൾ ഒരുമിച്ച് ചിരിക്കുകയും കളിക്കുകയും ചെയ്ത അതേ സ്കൂളിലേക്ക് തന്നെ തിരികെ എത്തിയപ്പോൾ പഴയ ആ സുവർണ നിമിഷങ്ങൾ വീണ്ടും ജീവിക്കാൻ കഴിഞ്ഞു” എന്ന് രാകേഷ് നഗർ കുറിച്ചു.
ഈ വീഡിയോ കണ്ട നിരവധി പേരാണ് നോസ്റ്റാൾജിയ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. “സ്വന്തം സ്കൂൾ കൂട്ടുകാരെ വീണ്ടും കാണാൻ കൊതിയാകുന്നു” എന്ന് പലരും കുറിച്ചപ്പോൾ, പ്രായത്തെ തോൽപ്പിക്കുന്ന ഈ സൗഹൃദത്തെയും സന്തോഷത്തെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
