പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കോൺഗ്രസ് എം.പി ശശി തരൂറിന്റെ എക്സ് പോസ്റ്റിലെ ചെറിയൊരു വ്യാകരണ തെറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തമാശ വിഷയം. ഇംഗ്ലീഷ് ഭാഷയിലെ അപാരമായ പ്രാവീണ്യത്തിനും സങ്കീർണമായ വാക്കുകളുടെ പ്രയോഗത്തിനും പേരുകേട്ട തരൂരിന് പിഴച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
സെപ്റ്റംബർ 17നായിരുന്നു തരൂർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് പോസ്റ്റിട്ടത്. എന്നാൽ “on his 76th birthday” എന്ന് എഴുതുന്നതിന് പകരം “in his 76th birthday” എന്നാണ് അദ്ദേഹം കുറിച്ചത്. “on”-ന് പകരം “in” എന്ന പ്രപ്പോസിഷൻ തെറ്റായി ഉപയോഗിച്ചതായിരുന്നു ട്രോളുകൾക്ക് വഴിവെച്ചത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ 76-ാം ജന്മദിനത്തിൽ ഊഷ്മളമായ ആശംസകൾ…” എന്ന തരൂർ എഴുതിയ വരികളിലെ ഈ ടൈപ്പിംഗ് തെറ്റ് നെറ്റിസൺസ് പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു.
എന്നാൽ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളെ തള്ളിക്കളയാതെ തരൂർ തന്നെ അതിന് മറുപടിയുമായി രംഗത്തെത്തി. കീബോർഡിൽ ‘I’, ‘O’ എന്നീ അക്ഷരങ്ങൾ തൊട്ടടുത്തിരിക്കുന്നതുകൊണ്ട് സംഭവിച്ച ടൈപ്പോ ആണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, “അതെ, ‘on’ എന്നത് ‘in’ ആയി മാറിയതാണ്. അയ്യോ, ഇത് എപ്പോഴും സംഭവിക്കുന്നതാണ്” എന്ന് തരൂർ തമാശരൂപേണ മറുപടി നൽകി.
വലിയ ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് പോസ്റ്റുകൾ ഇടുന്ന തരൂരിന്റെ പോസ്റ്റിൽ ഒരു സാധാരണ തെറ്റ് കണ്ടതിന്റെ കൗതുകത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.


