മുന്‍പ് ചില സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ടെന്ന കാരണത്താല്‍ കഥയ്ക്ക് ആവശ്യമില്ലെങ്കിലും തന്നോട് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് രാധിക ആപ്തെ. കരിയറിന്റെ തുടക്കത്തിൽ ചില സിനിമകളിൽ നഗ്നയായി അഭിനയിച്ചതിനാൽ തനിക്ക് എതിര്‍പ്പുണ്ടാകില്ലെന്നാണ് പലരുടേയും ധാരണയെന്നും രാധിക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
”തുടക്കത്തില്‍ നാലോ അഞ്ചോ സിനിമകളില്‍ ഞാന്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. അതുകാരണം അവള് ചെയ്തോളും എന്നാണ് അയാള്‍ പറഞ്ഞത്. മുമ്പ് ചെയ്തിട്ടുണ്ടെന്ന് കരുതി ഇപ്പോള്‍ ചെയ്യണമെന്നില്ല എന്ന് അവരോട് എനിക്ക് പറയേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ അവരോട് വിശദീകരിക്കാന്‍ പറയും. എന്തിനാണ് ഇത് ചെയ്യുന്നത്? ഞാന്‍ എന്തിനാണ് അയാളെ ചുംബിക്കുന്നത്? എന്ന് ചോദിക്കും” താരം പറയുന്നു.
”കുറച്ച് കിസിംഗ് ആയിക്കൂടേ എന്നാകും അവര്‍ പറയുക. 15 സെക്കൻഡ് മാത്രം മതിയെന്ന് വരെ പറയും. ‘ഒരു കിസ് അല്ലേ, ഒരു 15 സെക്കൻഡ് ഇംപ്രൊവൈസേഷൻ’, എന്നൊക്കെ പറയുമായിരുന്നു. ഞാൻ ‘സോറി, പറ്റില്ല’ എന്ന് പറഞ്ഞ് ഒഴിവാകും’, നടി പറഞ്ഞു. അവര്‍ ഇങ്ങനൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്” രാധിക പറയുന്നു.
”ഒരിക്കല്‍ ഒരു സെറ്റില്‍ വച്ച് നിങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനാകുമോ എന്ന് ചോദിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇടാതെ ചെയ്താലോ എന്ന് ചോദിച്ചു. ഇതൊരു ആക്ഷന്‍ രംഗമാണ്. ഷര്‍ട്ടിന്റെ സ്ഥാനം മാറിപ്പോകും, ബേസിക് ഫിസിക്സ് ആണെന്ന് ഞാന്‍ പറഞ്ഞു. അടിവസ്ത്രവും ബ്രായും മാത്രം ധരിച്ച് ആക്ഷന്‍ ചെയ്യാമോ എന്ന് ചോദിച്ചു. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. മുമ്പ് അങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. പേര് പറയുന്നില്ല. പറഞ്ഞാല്‍ ഞെട്ടിപ്പോകും. അതുപോലെ ഒരിടത്തു നിന്നും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഞാന്‍ അത് ചെയ്തില്ല” രാധിക പറയുന്നു.
