പശ്ചിമ ബംഗാളിലെ തീസ്ത നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് 5 കിലോമീറ്ററോളം ഒഴുകിപ്പോയ നവജാത ആനക്കുട്ടിയെ വനംവകുപ്പും പ്രാദേശിക മൽസ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് മുതൽ നാല് ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
ഗജോൽഡോബയ്ക്ക് സമീപം അമ്മയാനയോടൊപ്പം നിൽക്കുമ്പോഴായിരുന്നു ആനക്കുട്ടി നദിയിലെ ഒഴുക്കിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വൈകുണ്ഠപൂർ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരായ മൽസ്യത്തൊഴിലാളികളും ചേർന്ന് വഞ്ചിയുമായി നദിയിലിറങ്ങി ആനക്കുട്ടിയെ കരയ്ക്കെത്തിക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ ആനക്കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അമ്മയാനയുടെ അടുക്കലേക്ക് തിരിച്ചെത്തിച്ചു. നീണ്ട സമയത്തെ വേർപിരിയലിനു ശേഷം തന്റെ കുട്ടിയെ കണ്ട മാത്രയിൽ അമ്മയാന ഓടിയെത്തി ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ വൈകാരിക രംഗങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
