ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളെയും ദാരിദ്ര്യത്തെയും അതിജീവിച്ച് ഇന്ത്യന് സിനിമയുടെ നെറുകയിലേക്ക് എത്തിയ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ കൗമാരകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ഷബാന ആസ്മി. അദ്ദേഹത്തിന്റെ 81-ാം പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് ബോംബെ സെൻട്രൽ സ്റ്റേഷനിൽ വെറും 27 പൈസയുമായി വന്നിറങ്ങിയ ആ പഴയ കാലം നടി അനുസ്മരിച്ചത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മുംബൈയിലെത്തിയ കാലത്ത് ജാവേദ് അക്തർ നേരിട്ട കഠിനമായ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് ഷബാന അസ്മി തുറന്ന് പറഞ്ഞത്. വെറും 27 പൈസയുമായാണ് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ മുംബൈയിലെത്തിയതെന്നും ഫുട്പാത്തുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉറങ്ങിയിരുന്നെന്നും ഒരിക്കൽ മൂന്ന് ദിവസം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
ചെറുപ്പക്കാരനായ ജാവേദ് അക്തറിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഷബാന അസ്മി കുറിപ്പ് ആരംഭിച്ചത്. 1964 ഒക്ടോബർ 4… വലിയ സ്വപ്നങ്ങളുമായി ഒരു ചെറുപ്പക്കാരൻ ബോംബെ സെൻട്രൽ സ്റ്റേഷനിൽ വന്നിറങ്ങി. പോക്കറ്റിൽ ആകെയുണ്ടായിരുന്നത് 27 പൈസ എന്നാണ് ഷബാന കുറിച്ചത്. മുംബൈയിലെ ആദ്യകാല ജീവിതത്തിൽ ജാവേദ് അക്തർ നേരിട്ട നിരവധി പ്രതിസന്ധികളെ കുറിച്ചും ഷബാന അസ്മി കുറിപ്പിൽ പറയുന്നു. ജീവിതം അദ്ദേഹത്തിന് നിരവധി കഠിനമായ അനുഭവങ്ങൾ സമ്മാനിച്ചു. ഫുട്പാത്തുകളിലും റെയിൽവെ സ്റ്റേഷനുകളിലും പല സ്റ്റുഡിയോകളുടെ കോമ്പൗണ്ടുകളിലുമായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്.
ഒരിക്കൽ മൂന്ന് ദിവസം കഴിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തി. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ പോലും കീറിപ്പറിഞ്ഞതായിരുന്നു ഷബാന കുറിച്ചു. ജീവിതത്തിൽ എല്ലാം ഉപേക്ഷിക്കാമെന്ന് തോന്നിയ ഒരു ഘട്ടത്തിൽ ജാവേദ് അക്തർ സ്വയം പറഞ്ഞ വാക്കുകളും ഷബാന പങ്കുവെച്ചു. വെറുതെ മരിക്കാനായി മാത്രമല്ല ഞാൻ ജനിച്ചത്. ഈ ദിവസങ്ങളും മാറും എന്ന് അദ്ദേഹം സ്വയം പറഞ്ഞുവെന്നും ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചുവെന്നും ഷബാന പറഞ്ഞു.
1964 ഒക്ടോബർ 4ന് 19കാരനായ ജാവേദ് അക്തർ ഒന്നുമില്ലാത്ത അവസ്ഥയിൽ മുംബൈയിലെത്തിയതും 2026 ഒക്ടോബർ 4ന് ഇന്ത്യയ്ക്ക് നിരവധി മികച്ച സിനിമകളും അനശ്വര ഗാനങ്ങളും സമ്മാനിച്ച വ്യക്തിയായി അദ്ദേഹം മാറിയതും താരതമ്യം ചെയ്തുകൊണ്ടാണ് ഷബാന കുറിപ്പ് അവസാനിപ്പിച്ചത്. ഇതാണ് ജാവേദ് അക്തറിന്റെ കഥ. ചില യാത്രകൾ ആരംഭിക്കുന്നത് ഏതാണ്ട് ഒന്നുമില്ലാതെയാണ്. ഒരു സ്വപ്നം മാത്രം കൈമുതലായി. അദ്ദേഹത്തിന് അത് സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കും. ഒരിക്കലും തോൽവി സമ്മതിക്കരുത് ഷബാന അസ്മി കുറിച്ചു.
ഷബാന അസ്മിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജാവേദ് അക്തർ തിരക്കഥാകൃത്ത് ഹണി ഇറാനിയെ വിവാഹം കഴിച്ചിരുന്നു. 1972ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ ബന്ധത്തിൽ സംവിധായിക സോയ അക്തറും നടനും സംവിധായകനുമായ ഫർഹാൻ അക്തറും ജനിച്ചു. 1978ൽ ജാവേദ് അക്തറും ഹണി ഇറാനിയും വേർപിരിഞ്ഞെങ്കിലും ഔദ്യോഗികമായി വിവാഹമോചനം ലഭിച്ചത് 1985ലാണ്. അതേസമയം ജാവേദ് അക്തർ 1984ലാണ് ഷബാന അസ്മിയെ വിവാഹം കഴിച്ചത്.
