സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ലെ പുതിയ ഗ്ലിംപ്സ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഡിഎസ്പി ഇമ്പരാജായി സൂര്യയെത്തുന്ന ചിത്രത്തിലെ സൂര്യയുടെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. പൊലിസ് യൂണിഫോമിൽ ക്രൈം സീനിലേക്ക് എത്തുന്ന സൂര്യയാണ് ടീസറിൽ.
കൊവിഡ് കാലത്തെ കഥാപരിസരമാണ് ടീസറിലുള്ളത്. മാസ്ക് ധരിച്ചാണ് സൂര്യ ടീസറിലുള്ളത്. പൊലിസ് യൂണിഫോമിലും ചുണ്ടിൽ സിഗരറ്റുമായും രണ്ട് ഗെറ്റപ്പിൽ സൂര്യ ടീസറിലുണ്ട്. ടീസറിന് ഒടുവിൽ ‘ഒന്നും കഴിഞ്ഞിട്ടില്ല’ എന്ന് പറയുന്ന നസ്ലിന്റെ ഈശ്വരൻ എന്ന വില്ലന്റെ ശബ്ദവും കേൾക്കാം. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്.
നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഇത് കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും, നസ്ലിൻ ക്യാരക്ടർ ടീസറും രണ്ടു ഗാനങ്ങളും നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ചിത്രത്തിലെ “ആതി ഇവ യാരാ” എന്ന ഗാനവും, ‘എയ്റോപ്ലെയിൻ ‘ എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
