തിരുവനന്തപുരം: കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിന് പിന്നാലെ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോഴിക്കോട് നടക്കുന്ന കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്നുള്ളതാണെന്ന വ്യാജേന സാമ്പാറിൽ പുഴുവുണ്ടെന്ന് കാണിച്ച് ജിജോ ജെയിംസ് ഫെയ്സ്ബുക്ക് ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
കായികമേളയുടെ സുഗമമായ നടത്തിപ്പ് തടസപ്പെടുത്താനും പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്താനും ബോധപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചതോടെ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.
അതേസമയം, താൻ നേരിട്ട് പുഴുവിനെ കണ്ടിട്ടില്ലെന്നും, വിദ്യാർഥികൾ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചതെന്നുമാണ് ജിജോ ജെയിംസ് പൊലീസിന് നൽകിയ മൊഴി.
തിളച്ച സാമ്പാറിൽ എങ്ങനെയാണ് ജീവനുള്ള പുഴു വരികയെന്നും ഇതിന് പിന്നിൽ തരംതാണ രാഷ്ട്രീയ അജണ്ടയാണെന്നും കായികമേളയിലെ പാചകച്ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു.
