മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരി നദിക്കരയിൽ 6,233 ഗോത്രവർഗ്ഗ ഭക്തർ ഒന്നിച്ചണിനിരന്ന് നടത്തിയ മഹാ ഗോദാവരി ആരതിക്ക് ഗിന്നസ് വേൾഡ് റിക്കാർഡ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിലാണ് ചരിത്രപരമായ ഈ അപൂർവ്വ ചടങ്ങ് അരങ്ങേറിയത്.
ഒക്ടോബർ 31ന് കൊടിയേറ്റത്തോടെ തുടക്കമായ നാസിക്-ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായാണ് പ്രൗഢഗംഭീരമായ ഗോദാവരി ആരതി സംഘടിപ്പിച്ചത്. മേഖലയിലെ 650ഓളം ഗോത്രവർഗ്ഗ ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് ചടങ്ങിൽ പങ്കാളികളായത്.
ഒരേ സമയം ആയിരക്കണക്കിന് ദീപങ്ങൾ തെളിയിച്ച് കൃത്യമായ താളത്തിൽ ഭക്തർ ആരതി ഉഴിഞ്ഞതോടെ ഗോദാ തീരം ദീപപ്രഭയിലാറാടി. ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ ദീപങ്ങൾ ഉപയോഗിച്ച് ആരതി ഉഴിഞ്ഞതിനാണ് ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ ഔദ്യോഗികമായി സർട്ടിഫിക്കറ്റ് കൈമാറിയത്.
“നാസിക്കിൽ നടന്ന വിശുദ്ധമായ മഹാ ഗോദാവരി ആരതിയിൽ പങ്കുചേരാൻ സാധിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും എല്ലാവരുടെയും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നു.”- രാഷ്ട്രപതി എക്സിൽ കുറിച്ചു.
ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പുറമെ മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ നാസിക് നേടുന്ന രണ്ടാമത്തെ ലോക റിക്കാർഡാണിത്.
