റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ സ്ഥാപകയുമായ നിതാ അംബാനിയുടെ പുതിയ വിശേഷങ്ങൾ ഫാഷൻ ലോകത്ത് വീണ്ടും ചർച്ചയാകുന്നു. ‘ദി ലൈബ്രറി’യുടെ ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ജ്വല്ലറി ആർട്ടിസ്റ്റ് വാലസ് ചാൻ രൂപകൽപ്പന ചെയ്ത ‘സോറിംഗ് സ്പിരിറ്റ്’ (Soaring Spirit) ബ്രൂച്ച് അണിഞ്ഞാണ് നിതാ അംബാനി എത്തിയത്.
പ്രശസ്തമായ ഡ്രാഗൺഫ്ലൈ രൂപത്തിലുള്ള ഈ ആഭരണം നിർമിക്കാൻ വാലസ് ചാൻ 10 വർഷമെടുത്തു. 17.67 കാരറ്റ്ത്സാവൊറൈറ്റ് ഗാർനെറ്റ് , മഞ്ഞയും മറ്റ് അപൂർവ്വ നിറങ്ങളിലുമുള്ള ഡയമണ്ടുകൾ, റൂബി, പിങ്ക് സഫയർ, ടൈറ്റാനിയം എന്നിവ കൊണ്ടാണ് ഈ അപൂർവ്വ സൃഷ്ടി നിർമിച്ചിരിക്കുന്നത്. നിലവിലെ വിപണിയിൽ ഇതിന് 1.5 മുതൽ 1.8 മില്യൺ ഡോളർ വരെ വിലവരും (ഏകദേശം 12 കോടി മുതൽ 15 കോടി രൂപ വരെ).
സ്വപ്നങ്ങൾ, സ്വാതന്ത്ര്യം, അനന്തമായ സാധ്യതകൾ എന്നിവയുടെ പ്രതീകമായ തുമ്പിയിൽ നിന്നാണ് ഈ രൂപത്തിന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്. തുമ്പിയുടെ ചിറകുകൾ ഒരു അബാക്കസിനെയാണ് (എണ്ണാനും അളക്കാനുമുള്ള ഉപകരണം) പ്രതിനിധീകരിക്കുന്നതെന്ന് ചാൻ വ്യക്തമാക്കുന്നു. ലേസിന്റെ അകമ്പടിയോടുകൂടിയ ഒരു ചിക് ബെയ്ജ് പാന്റ് സ്യൂട്ടാണ് നിതാ അംബാനി തെരഞ്ഞെടുത്തിരുന്നത്. ഒപ്പം തന്റെ സ്വകാര്യ ശേഖരത്തിലുള്ള വജ്രാഭരണങ്ങളും അവർ ധരിച്ചിരുന്നു.
എന്താണ് ‘ദി ലൈബ്രറി’?
പുസ്തകങ്ങൾ, നല്ല സംഭാഷണങ്ങൾ, ഭക്ഷണം, സാംസ്കാരിക അനുഭവങ്ങൾ എന്നിവ ഒരുകുടക്കീഴിൽ അണിനിരക്കുന്ന പുതിയ ഇടമാണ് ‘ദി ലൈബ്രറി’. ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിലായി 4,500ലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

