നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷകയുടെ ഹര്‍ജി, ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് പരിഗണിച്ച എറണാകുളം മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വ. ടി.ബി. മിനി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

വിചാരണക്കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണ്. അര മണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുള്ളത്, ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് ടി.ബി. മിനി കോടതിയിലെത്തുന്നത്. എന്നിട്ടാണ് അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളത് എന്നായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.

ജനുവരി 12ന് കോടതി നടപടികള്‍ക്കിടെ ജഡ്ജി അധിക്ഷേപകരമായി സംസാരിച്ചതു കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. വിചാരണ വേളയില്‍ താന്‍ ഇരുന്നൂറിലേറെ ദിവസങ്ങള്‍ ഹാജരായിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ തെറ്റായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചു.

ഇത് തന്‍റെ അന്തസിനെയും തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശത്തെയും ബാധിച്ചു. ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷ അഡ്വക്കേറ്റ് ജനറല്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി പരാതിയായി പരിഗണിച്ചു ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുക, ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുക, സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ വാര്‍ത്തകളും വീഡിയോകളും നീക്കം ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തിനു നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അഡ്വ. ടി.ബി. മിനി ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹര്‍ജി പരിഗണിക്കും.

Related posts

Leave a Comment