ജറൂസലെം: പ്രതിപക്ഷസഖ്യ നേതാവ് ഗാദി ഐസൻകോട്ട് ഇസ്രയേൽ പ്രധാനമന്ത്രിയാകാൻ സാധ്യത തെളിഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ ഐസൻകോട്ടിന് ഇസ്രേലി പ്രസിഡന്റ് ഇസാക് ഹെർസോഗ് അനുമതി നൽകി. ആറാഴ്ച വരെ സമയമാണ് സർക്കാർ രൂപവത്കരണത്തിനു നൽകിയിരിക്കുന്നത്. ഇസ്രേലി കരസേനയുടെ മുൻ മേധാവിയാണ് ഐസൻകോട്ട്.
ഒക്ടോബർ 27നു നടന്ന തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതോടെ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായി. ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അവർ തയാറാകുകയായിരുന്നു. 19 വർഷം പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് അറബ് പാർട്ടികളുടെ ലക്ഷ്യം.
അതേസമയം, അറബ് പാർട്ടികളുടെ പിന്തുണ തേടുന്നതിൽ ഐസൻകോട്ടിന്റെ സഖ്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. അറബ് പാർട്ടികൾ ഉൾപ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ഐസൻകോട്ടിന്റെ സഖ്യകക്ഷിയായ യിസ്രയേൽ ബേയ്തേനു പാർട്ടി അറിയിച്ചു. ഇസ്രയേൽ ചരിത്രത്തിൽ 2021ൽ മാത്രമാണ് അറബ് പാർട്ടികൾ സർക്കാരിന്റെ ഭാഗമായിട്ടുള്ളത്. റാ ആം പാർട്ടിയാണ് അന്നു സർക്കാരിന്റെ ഭാഗമായത്.
അറബ് പാർട്ടികൾ ഇസ്രയേൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാകുന്നതിനെതിരേ നെതന്യാഹു മുന്നറിയിപ്പ് നൽകി. ജൂത പാർട്ടികൾ ചേർന്ന് ദേശീയ സർക്കാർ രൂപവത്കരിക്കണമെന്നു പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടാകുന്നതിനു തൊട്ടു മുന്പ് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. അറബ് പാർട്ടികൾ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് നെതന്യാഹുവിന്റെ വാദം.
അതേസമയം, ചില ഉപാധികളോടെ അറബ് പാർട്ടികളുമായി സഖ്യമാകാമെന്നാണ് ഐസൻകോട്ടിന്റെ നിലപാട്. ഹമാസിനെ ഭീകരഗ്രൂപ്പായി അറബ് പാർട്ടികൾ കണക്കാക്കണമെന്ന് ഐസൻകോട്ട് ആവശ്യപ്പെടുന്നു. ഇസ്രയേൽപ്രസിഡന്റിന്റെ തീരുമാനം നെതന്യാഹുവിന് തിരിച്ചടിയായി. അതേസമയം, ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്നതു തടയാൻ നെതന്യാഹു ശ്രമിക്കുമെന്ന് ഉറപ്പാണ്. അറബ് പാർട്ടികളുടെ പിന്തുണ പ്രതിപക്ഷത്തിനാണെന്നു മനസിലാക്കിയ പ്രസിഡന്റ് ഐസൻകോട്ടിന് ആദ്യ അവസരം നൽകുകയായിരുന്നു.
അറബ് പാർട്ടികൾ പുറത്തുനിന്നു പിന്തുണയ്ക്കുന്ന ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കാനാണ് ഐസൻകോട്ട് ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണ് പാർലമെന്റിലെ വലിയ ഒറ്റക്കക്ഷി. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും ഐസൻകോട്ടിന്റെ യാഷാർ പാർട്ടിക്കും മറ്റു മൂന്നു സഖ്യകക്ഷികൾക്കുംകൂടി 48 സീറ്റുമാണുള്ളത്. അറബ് പാർട്ടികൾക്ക് 19 സീറ്റുണ്ട്. ഇസ്രയേലിൽ പാർട്ടികൾക്കാണു ജനം വോട്ട് ചെയ്യുക. 120 അംഗ ഇസ്രയേൽ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 61 പേരുടെ പിന്തുണയാണ്.
നെതന്യാഹുവിനെയും സഖ്യത്തിലേക്ക് ക്ഷണിച്ച് ഗാദി ഐസൻകോട്ട്
ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും തന്റെ ഭരണസഖ്യത്തിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്. സർക്കാർ രൂപീകരിക്കാൻ അറബ് പാർട്ടികളുടെ പിന്തുണ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഐസൻകോട്ട് ഇക്കാര്യം വ്യക്തമാക്കിയത്. നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്രവലതുപക്ഷ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ചിനെയും ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“ഐക്യത്തിനുള്ള സമയമാണിതെന്ന് ലികുഡ് പാർട്ടിയുടെയും റിലീജിയസ് സയണിസ്റ്റ് പാർട്ടിയുടെയും അംഗങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, എന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഞാൻ മുന്നോട്ടുവെച്ച തത്വങ്ങളെയും പിന്തുണയ്ക്കാതിരിക്കാൻ അവർക്കാവില്ല,” എന്ന് ഐസൻകോട്ട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായി മത്സരിച്ച ഗാദി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാൻ ആറാഴ്ചത്തെ സമയമാണ് ലഭിച്ചിട്ടുള്ളത്. ഇസ്രേലി ജനതയുടെ മുഴുവൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ ഭരണം പ്രതിനിധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ മൂന്നിന് നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ജയിച്ച ഡെമോക്രാറ്റിക് പാർട്ടി ഇസ്രയേലിന് സൈനിക സഹായം നൽകുന്നതിനെ എതിർക്കുന്നുവെന്നും, അതിനാൽ തന്നെ ഇസ്രയേൽ വലിയ അന്താരാഷ്ട്ര അനിശ്ചിതത്വങ്ങൾ നേരിടുന്നുണ്ടെന്നും പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച്, ഇസ്രയേലിന് ഇപ്പോൾ ശക്തവും സ്ഥിരതയുള്ളതുമായ ഒരു സർക്കാരാണ് ആവശ്യമെന്നും ഹെർസോഗ് കൂട്ടിച്ചേർത്തു.
അറബ് പാർട്ടികളുമായി സർക്കാരുണ്ടാക്കുന്നത് ഇസ്രയേലിനെ നശിപ്പിക്കും: നെതന്യാഹു
ടെൽ അവീവ്: അറബ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കുന്നത് ഇസ്രയേലിന്റെ നാശത്തിനു വഴിവയ്ക്കുമെന്ന് കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുന്നതിനു തൊട്ടു മുന്പാണ് നെതന്യാഹു ഇതു പറഞ്ഞത്.
ഇസ്ലാമിസ്റ്റുകളുടെ പിന്തുണയുള്ള ഭരണകൂടം ഇസ്രയേലിന്റെ നാശത്തിനു വഴിയ്ക്കും. യൂറോപ്പിൽ അതാണു സംഭവിക്കുന്നത്. ഇസ്രയേലിന്റെ കാര്യത്തിൽ അതു വളരെ മോശമായിരിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡ് പേറുന്ന നെതന്യാഹുവിന് ഇത്തവണ സർക്കാർ രൂപീകരണം അസാധ്യമായേക്കും. കഴിഞ്ഞമാസം 27ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെയും ഐസൻകോട്ടിന്റെയും മുന്നണികൾക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അറബ് പാർട്ടികൾ അപ്രതീക്ഷിതമായി 19 സീറ്റുകൾ നേടി.
സർക്കാർ രൂപീകരിക്കാൻ ആദ്യ അവസരം ലഭിച്ചത് പ്രതിപക്ഷ നേതാവ് ഐസൻകോട്ടിനാണ്. നേരത്തേ നല്ലൊരുശതമാനം എംപിമാരും അദ്ദേഹത്തിനു പിന്തുണ അറിയിച്ചിരുന്നു. അറബ് പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു.
