കണ്ണൂർ: 2016 ജൂലൈ 11-ന് അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് സിപിഎം പ്രവർത്തകൻ ധനരാജിനെ വെട്ടിക്കൊന്ന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. രാത്രി പത്തോടെ രാമന്തളി കുന്നരുവിലെ വീട്ടിൽ വെച്ചാണ് സി.പി.എം. ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജ് അക്രമിക്കപ്പെട്ടത്.
ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരുടെ കൊലക്കുറ്റമാണ് കോടതിയിൽ തെളിഞ്ഞത്. കേസിൽ ആകെ 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 12-ാം പ്രതി ചൂരക്കാട് ബിജു വിചാരണയ്ക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 19 പ്രതികളാണ് വിചാരണ നേരിട്ടത്.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണമോ ഗൂഢാലോചനയോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും, രാഷ്ട്രീയ കൊലപാതകമാണെന്നു തെളിയിക്കാനായിട്ടില്ലെന്നുമാണ് കോടതി നിരീക്ഷണം. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരമാവധി ശിക്ഷനൽകുമെന്നു വ്യക്തമാക്കിയ കോടതി മറ്റെന്നാൾ വിധി പ്രസ്താവിക്കും.
