മധുസൂദനനെതിരേ കേസ്; സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവർക്കെതിരേയും നടപടി
പയ്യന്നൂര്‍: വിവാദമായ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പയ്യന്നൂരിലെ ടി.ഐ. മധുസൂദനന്റെ വിവാദമായ പ്രസംഗത്തെ സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവര്‍ക്കെതിരേയും നടപടി വരുന്നു.
മധുസൂദനനെതിരേ പയ്യന്നൂര്‍ പൊലിസ് കേസെടുത്തതിനു പിന്നാലെയാണു പിന്തുണച്ചവര്‍ക്കെതിരേയും നടപടി വരുന്നത്.
വിവാദപ്രസംഗത്തെ സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവരെ കണ്ടെത്താനുള്ള വിഡിയോ ദൃശ്യങ്ങളുടെ പരിശോധന നടക്കുന്നുണ്ട്.
ആവശ്യമെങ്കില്‍, പിന്തുണച്ചവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു കൈമാറി കോര്‍ട്ട് ആക്ട് പ്രകാരം നടപടിയെടുക്കുന്നതിനു കോടതിയുടെ അനുമതി തേടുമെന്നും പയ്യന്നൂര്‍ ഡിവൈഎസ്പി പി.കെ. മണി പറഞ്ഞു.
ജഡ്ജി വായിച്ച കവിതയ്ക്ക് സജിനിയുടെ കണ്ണീരൊപ്പ്
(ദീപിക മുഖപ്രസംഗം)
“യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ ഹസ്തദാനം ചെയ്യും. ആ വൃദ്ധ, തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. ആ പെണ്‍കുട്ടി, തന്റെ പ്രിയഭര്ത്താവിനായും കുട്ടികള്‍ അവരുടെ പിതാവിനായും കാത്തിരിക്കും”
കൊലപാതകം രാഷ്ട്രീയമോ എന്തിനെങ്കിലും പരിഹാരമോ അല്ലെന്നും അന്തിമനഷ്ടം കൊല്ലപ്പെട്ടവരുടെ വീട്ടിലുള്ളവർക്കു മാത്രമാണെന്നും ഓർമിപ്പിക്കാനാണ്, പലസ്തീൻ കവി മഹ്മൂദ് ദർവീഷിന്റെ കവിതയിലെ വരികൾ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ഉദ്ധരിച്ചത്. പയ്യന്നൂരിലെ സിപിഎമ്മുകാരൻ സി.വി. ധനരാജിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് 37 വെട്ടിനു കൊന്ന കേസിൽ വിധി വായിക്കുകയായിരുന്നു അദ്ദേഹം. (ഇതു ദർവീഷിന്റെ കവിതയല്ലെന്നും അജ്ഞാതനായ ഏതോ എഴുത്തുകാരന്റെ വരികൾ പിൽക്കാലത്ത് അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കപ്പെടുകയായിരുന്നു എന്നും നിരീക്ഷണമുണ്ട്.) പക്ഷേ, ഇതിലും ഹൃദയസ്പർശിയും കേരളം കണ്ട ഏറ്റവും യുദ്ധവിരുദ്ധവുമായ വരികൾ ധനരാജിന്റെ ഭാര്യ സ്വന്തം ഹൃദയരക്തംകൊണ്ടെഴുതി.
“ധനരാജിന്റെ അമ്മയും ഞാനും മക്കളുമൊക്കെ അനുഭവിക്കുന്ന വേദന ഇനി ഒരു കുടുംബത്തിനും ഉണ്ടാകരുത്. പറഞ്ഞുതീർക്കാനാകാത്ത ഒരു വിഷയവും സമൂഹത്തിലില്ല. ഏതു വിഷയമുണ്ടെങ്കിലും പറഞ്ഞുതീർക്കാനാകും. അഥവാ അത്തരത്തിൽ എന്തെങ്കിലുമുണ്ടെങ്കിലും ഇതൊന്നും പരിഹാരമല്ല. ആരും ഒരിക്കലും അതേക്കുറിച്ചൊന്നും ചിന്തിക്കരുതെന്ന ആത്മാർഥമായ അഭിപ്രായമുണ്ടെനിക്ക്. ഒരമ്മയും ഇനി എന്നെപ്പോലെ വിധവയാകരുത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്നു ഞാൻ മക്കളോടു പറയാറുണ്ട്.”
കൺമുന്നിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ ഓർമകളിൽ നിന്നുകൊണ്ട് അഹിംസയെക്കുറിച്ച് എങ്ങനെയാണ് ഇത്ര മഹത്തായി സംസാരിക്കുന്നതെന്ന് അതിശയിക്കാതെ വയ്യ. സജിനിയുടെ വാക്കുകൾ കേരളം കണ്ട എക്കാലത്തെയും മഹത്തായ യുദ്ധവിരുദ്ധ കവിതയാണ്. പരസ്പരം കൊന്നും കൊലവിളിച്ചും വെട്ടിവീഴ്ത്തിയും പാർട്ടികൾ നടത്തിയ അക്രമങ്ങൾ നിരവധി കുടുംബങ്ങളെ അനാഥമാക്കി. രക്തസാക്ഷിക്കുവേണ്ടി കുറെ വിപ്ലവ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമുണ്ടാകും. ഒടുവിൽ, ഏകാന്തരാത്രികളിൽ, തങ്ങൾക്കു വേണ്ടത് രക്ഷസാക്ഷിയെ അല്ല, മകനെ, ഭർത്താവിനെ, സഹോദരനെ, അച്ഛനെ ആയിരുന്നെന്ന് കൊതിക്കുന്ന കുടുംബം തനിച്ചാകും. അപ്പോൾ രാഷ്ട്രീയക്കാർ അടുത്ത ഇരയ്ക്കുവേണ്ടി കത്തി രാകുകയായിരിക്കും.
അങ്ങനെ കത്തി രാകുന്ന മനോഭാവത്തോടെയും ഒരാൾ പ്രസംഗിച്ചു. സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. “ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയുംകൊണ്ട് ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാം. കണക്കു പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്കു കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും.
തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. എന്നാൽ, കേസിലെ പ്രതികളാരും ഇന്ന് ജീവനോടെയില്ല…” എത്ര ഭയാനകവും അപരിഷ്കൃതവുമാണ് വിവരക്കേടിന്റെ ഈ വെല്ലുവിളി. പക്ഷേ, പ്രസംഗിക്കേണ്ടിയിരുന്ന ഒരു ഭാഗം അദ്ദേഹം മറച്ചുവച്ചെന്നു പറയേണ്ടിവരും. “ഇത്തരം കൊലപാതകം ഞങ്ങൾ നേതാക്കളൊന്നും ചെയ്യില്ല. അതിനു കുടുംബവും ബന്ധങ്ങളുമൊന്നും പ്രശ്നമല്ലാത്ത അന്ധരായ പാർട്ടി ഭക്തരുണ്ട്.”
സജിനിയുടെ വാക്കുകൾക്കപ്പുറം ഒന്നുമില്ല പറയാൻ. പക്ഷേ അത്, ചോരയൊഴുക്കി കൊതി തീരാത്ത എല്ലാ രാഷ്ട്രീയ രക്തദാഹികളോടുമാണെന്ന്, മധുസൂദനനെപ്പോലുള്ളവരോട് അവരുടെ കുടുംബത്തിലുള്ളവരെങ്കിലും പറഞ്ഞുകൊടുക്കണം. സർക്കാർ എല്ലാ നിയമനടപടികളും സ്വീകരിക്കുകയും വേണം. സിപിഎം സെക്രട്ടറിതന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് ശുഭസൂചനയാണ്. കമ്യൂണിസത്തിന്റെയോ വർഗീയതയുടെയോ അതിദേശീയതയുടെയോ തീവ്രവാദത്തിന്റെയോ ആകട്ടെ, ഫാസിസത്തിന്റെ ആയുധങ്ങൾ ജനാധിപത്യത്തെ ധരിപ്പിക്കരുത്.
പയ്യന്നൂർ മോഡൽ പ്രസംഗം ഗുണംചെയ്യില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
കണ്ണൂർ: മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.ഐ. മധുസൂദനന്റെ കൊലവിളിപ്രസംഗത്തെ തള്ളിയും രൂക്ഷവിമർശനമുന്നയിച്ചും ജില്ലാ സെക്രട്ടേറിയറ്റ് യോഗം. മധുസൂദനന്റെ പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
നേതാക്കൾ പ്രസംഗത്തിൽ പ്രകോപനരമായ വാക്കുകൾ പ്രയോഗിക്കാതിരിക്കാൻ സ്വയം ജാഗ്രതകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുഭാഗത്ത് പാർട്ടി തെറ്റുതിരുത്തല്‍ പാതയിലൂടെ സഞ്ചരിക്കുമ്പോൾ മറുഭാഗത്ത് ഇത്തരം രീതികളിലുള്ള നിലപാട് ഗുണംചെയ്യില്ല.
പ്രസംഗിക്കുമ്പോള്‍ അതിരുവിടരുതെന്നും എം.വി. ഗോവിന്ദൻ ശാസന രൂപേണയുള്ള മുന്നറിയിപ്പും നൽകി. വിവാദപ്രസംഗത്തെ എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം രാവിലെ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടേറിയറ്റിലും ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ മധുസൂദനന്റെ വിവാദപ്രസംഗത്തെ മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ ചോരയ്ക്ക് പകരം ചോര പ്രസംഗത്തെ മറയാക്കി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ന്യായീകരിച്ചിരുന്നു. ന്യായീകരണം വിവാദമായതോടെ ഉച്ചകഴിഞ്ഞ് തന്റെ വാക്കുകൾ ദൃശ്യമാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പത്രക്കുറിപ്പിറക്കി ന്യായീകരണത്തിൽനിന്ന് പിന്മാറുകയായിരുന്നു.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന് ധനരാജ് വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ വിവാദപ്രസംഗം നടത്തിയത്.
ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കും. കണക്കു പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നു പറഞ്ഞ മധുസൂദനൻ കോടതിയെയും രൂക്ഷമായി വിമർശിച്ചിരുന്നു.
തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുക്കുന്ന ജഡ്ജിക്ക് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു വിമർശനം. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല.
മധുസൂദനനെ തള്ളി സിപിഎം; ധനരാജ് വധക്കേസിൽ അപ്പീൽ പോകും
കണ്ണൂർ: പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ മുൻഎംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെ പൂർണമായും തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഒരു കൊലപാതകവും കൊലവിളിയും ഇനി രാഷ്ട്രീയത്തിന്റെ പേരിൽ നടക്കരുതെന്ന് കഴിഞ്ഞ 10 വർഷമായി പാർട്ടി നയമായി കൊണ്ടുനടക്കുന്നതാണെന്നും കൊലപാത രാഷ്ട്രീയം എവിടെയും ഉണ്ടാകരുതെന്നാണ് പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
ഇനി അബദ്ധത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം സംഭവിച്ചുപോയാൽ തിരിച്ചും കൊലപാതകം എന്ന നിലപാട് പാടില്ലെന്നാണ് പാർട്ടി തീരുമാനം. കൊലവിളിയായാലും കൊലപാതകമായാലും പാർട്ടി അംഗീകരിക്കില്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത പാർട്ടിയാണ് സിപിഎം.
ധനരാജ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ വ്യക്തമാക്കിയതാണ്. വെറുതെവിട്ട പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതിനായി നിയമപരമായ എല്ലാ കാര്യങ്ങളും പരിശോധിച്ച് അപ്പീൽ നൽകാനാണ് തീരുമാനം.പാർട്ടി ആഗ്രഹിച്ച പോലെയല്ല വിധി ഉണ്ടായത്.
ധനരാജിനെ ആസൂത്രിതമായി പ്ലാൻ ചെയ്ത് ഇറച്ചി വെട്ടുന്നതു പോലെ കൊലപ്പെടുത്തിയതാണെന്ന് ജഡ്ജി തന്നെ പരാമർശിച്ച കേസിലാണ് ഇത്രയധികം പേരെ വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചവർക്കെതിരേ മേൽ കോടതിയിൽ അപ്പീൽ നൽകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“ചോരയ്ക്കു പകരം ചോര’പ്രസംഗം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കില്ല
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് ജെൻ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് “ചോരയ്ക്ക് പകരം ചോര’ എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗവുമായി ബന്ധപ്പെട്ടു പൊലിസ് കേസെടുക്കില്ല. ഇടതു സർക്കാരിന്റെ കാലത്തെ അതിക്രമങ്ങളിൽ അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നാണ് പൊലിസ് വിലയിരുത്തൽ. കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പൊലിസിൽ പരാതി നൽകിയത്.
നിയമപരമായ മാർഗങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നാണ് പൊലിസിനു ലഭിച്ച നിയമോപദേശം. മുഖ്യമന്ത്രിയുടെ പ്രസംഗം: “ഈ സർക്കാരിനെ സൃഷ്ടിക്കാൻ മർദനമേറ്റുവാങ്ങിയ, ചോരപ്പുഴ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടേതുകൂടിയാണ് ഈ സർക്കാർ. നിങ്ങളെ പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതു പോലെയല്ല. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നത്. ആരെല്ലാം ഉത്തരവാദികളാണ് അവരെല്ലാം അകത്തു പോകും. അതിൽ അവസാനംവരെ പോരാടും.” ഇതിൽ പ്രകോപനപരമായോ സ്പർധ വളർത്താനോ ആഹ്വാനമില്ലെന്നു പൊലിസ് പറയുന്നു.
കൊലവിളി പ്രസംഗം… Read more at:
https://www.rashtradeepika.com/a-controversy-is-intensifying-over-a-speech-delivered-by-former-cpm-mla-t-i-madhusoodanan-at-an-event-organized-by-the-dyfi-in-payyannur/
ആസൂത്രിത കൊലപാതകം…. Read more at:
https://www.rashtradeepika.com/c-v-dhanaraj-murder-case-life-imprisonment-for-the-accused/
