പലിശ ഉടന്‍ കുറയുമെന്നു പ്രതീക്ഷ; രൂപയും ഓഹരികളും കുതിച്ചു

BIS-PALAISHAമുംബൈ: ഇന്ത്യന്‍ രൂപയും ഓഹരികളും കടപ്പത്രങ്ങളും ഒക്കെ “ദീപാവലി’ ആഘോഷത്തിലായിരുന്നു. ബജറ്റിനു പിറ്റേന്നു കമ്പോളങ്ങള്‍ അസാധാരണ നേട്ടം കൈവരിച്ചു. ബജറ്റ് ധനകമ്മി ലക്ഷ്യങ്ങള്‍ പാലിച്ചതിനാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയാണു വിപണിയെ നയിച്ചത്. ബജറ്റ് ദിവസം 152.3 പോയിന്റ് താണ സെന്‍സെക്‌സ് ഇന്നലെ 777.35 പോയിന്റ് (3.38 ശതമാനം) കയറി. സെന്‍സെക്‌സ് ക്ലോസിംഗ് 23779.35 നിഫ്റ്റി 235.25 പോയിന്റ് ഉയര്‍ന്ന് 7222.3ലെത്തി.

രൂപയ്ക്കു വലിയ കുതിപ്പുണ്ടായി. ഡോളറിന് 56 പൈസ കുറഞ്ഞ് 67.86 രൂപയായി. തലേന്നു ഡോളറിന് 20 പൈസ കുറഞ്ഞിരുന്നു. രണ്ടു ദിവസംകൊണ്ട് 76 പൈസ (1.1 ശതമാനം) കയറ്റം രൂപയ്ക്കുണ്ടായി.

ധനകമ്മി ഇക്കൊല്ലം ജിഡിപിയുടെ 3.9 ശതമാനവും അടുത്ത വര്‍ഷം 3.5 ശതമാവുമായി നിശ്ചയിച്ചത് പലിശ കുറയ്ക്കാന്‍ സാഹചര്യമൊരുക്കി എന്നാണു വിലയിരുത്തല്‍. നേരത്തേ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പാലിക്കുന്നത് ഇന്ത്യക്കു പുറംനാടുകളിലുള്ള വിശ്വാസ്യത കൂട്ടും. ഇതു വിദേശ മൂലധനവരവിനു സഹായകമാകും.

കമ്മി കുറയുമ്പോള്‍ സര്‍ക്കാരിന്റെ കടമെടുപ്പ് കുറയും. ഈ വര്‍ഷം 5,35,090 കോടി രൂപ കമ്മിയുള്ളത് അടുത്തവര്‍ഷം 5,33,904 കോടിയാക്കുമെന്നാണു ബജറ്റ് പറയുന്നത്. നാമമാത്രമാണ് ഈ കുറവെങ്കിലും കടമെടുപ്പില്‍ വലിയ കുറവു വരും. ഇക്കൊല്ലം കടപ്പത്രമിറക്കി സമാഹരിച്ചത് 4,40,608 കോടിയാണ്. അടുത്ത വര്‍ഷം അത് 4,25,181 കോടിയായി കുറയും. 2014-15-ല്‍ 453075 കോടിയുടെ കടപ്പത്രം ഇറക്കിയ സ്ഥാനത്താണിത്.

കടപ്പത്രങ്ങള്‍ വഴി ഗവണ്‍മെന്റ് പണം സമാഹരിക്കുന്നതു കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ക്കു ഡിമാന്‍ഡ് കൂടും; അവയുടെ വില കൂടും: വില കൂടുമ്പോള്‍ അതില്‍നിന്നുള്ള വരുമാനം കുറയും. ഇതു പലിശനിരക്കു താഴാന്‍ പ്രേരണയാകും. തിങ്കളാഴ്ചതന്നെ കടപ്പത്ര വിപണിയില്‍ വില കയറിയിരുന്നു. ഇന്നലെ വീണ്ടും വില കൂടി.

റിസര്‍വ് ബാങ്ക് പണനയ അവലോകനം ഏപ്രില്‍ അഞ്ചിനു നടത്തുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രമുഖ ബിസിനസ് പത്രവും സാമ്പത്തിക വിശകലനക്കാരും ഈ ദിവസങ്ങളില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുമെന്നു പ്രവചിച്ചതും വിപണിയിലെ ഉത്സാഹത്തിനു കാരണമായി. റീപോ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നു പറഞ്ഞവര്‍ വരെ ഉണ്ട്. 2009 മേയ് 18ന് സെന്‍സെക്‌സ് 2110.79 പോയിന്റ് കുതിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പായിരുന്നു ഇന്നലെ ഉണ്ടായത്.

Related posts